പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് നികുതി വെട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പ്

പെരുമ്പാവൂരിലെ ഏതാനും പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ചു വീണ്ടും നികുതി വെട്ടിപ്പ്. കേന്ദ്ര ചരക്ക്, സേവന നികുതി വിഭാഗം നടത്തിയ പരിശോധനയിലാണു വെട്ടിപ്പു കണ്ടെത്തിയത്. 100 കോടിയോളം രൂപയുടെ വെട്ടിപ്പു നടന്നതായാണ് സിജിഎസ്ടി അധികൃതരുടെ നിഗമനം.

പ്ലൈവുഡ് വിൽക്കാതെ, സംസ്ഥാനത്തെ ചില കടകൾ നികുതി ക്രെഡിറ്റ് എടുത്തതിനെ തുടർന്നു നടത്തിയ അന്വേഷണമാണു പെരുമ്പാവൂരിലെ ചില ഫാക്ടറികളിലേക്കെത്തിയത്. പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു പ്ലൈവുഡ് ഫാക്ടറികളിലാണു കേന്ദ്ര ചരക്ക് സേവന നികുതിവിഭാഗം പരിശോധന നടത്തിയത്. ഉല്‍പാദനം തീരെയില്ലാത്ത, ഈ ഫാക്ടറികളുടെ ബില്ലുകളാണ് കച്ചവടക്കാർ ഉപയോഗിച്ചതെന്ന് വ്യക്തമായി. നികുതി അടയ്ക്കാതെ കൊണ്ടുവന്ന പ്ലൈവുഡ് ആണ് ഈ കച്ചവടക്കാർ വിറ്റതെന്നും സിജിഎസ്ടി ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മൂന്നു ഫാക്ടറികളിലാണ് പരിശോധന നടത്തിയതെങ്കിലും മറ്റു പല ഫാക്ടറികളിലും ഇതേ രീതിയിൽ വെട്ടിപ്പു നടന്നതായി സിജിഎസ്ടി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. നൂറുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കഴിഞ്ഞവർഷം, പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് 138 കോടി രൂപയുടെ വെട്ടിപ്പ് സിജിഎസ്ടി വിഭാഗം കണ്ടെത്തിയിരുന്നു. പ്രവർത്തിക്കാത്ത കമ്പനികളുടെ ബില്ലുകൾ ഉപയോഗിച്ച് പ്ലൈവുഡ് കടത്തിയെന്നാണു അന്ന് കണ്ടെത്തിയത്.