അറുപത്തിയെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്ക്കന്‍ അറസ്റ്റില്‍

ആലപ്പുഴ ചെങ്ങന്നൂരിൽ അറുപത്തിയെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്ക്കനായ അയൽവാസി പൊലീസ് പിടിയിൽ. മുളക്കുഴ സ്വദേശി രാജനാണ് പൊലീസിന്റെ പിടിയിലായത്.

വീടിന് സമീപമുളള കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന 68 കാരിയെ വാതിൽ തളളിതുറന്ന് അകത്തു കയറിയാണ് അയൽവാസിയായ രാജൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചെറുത്തുനിൽപ്പിനിടെ ശരീരമാസകലം പരുക്കേറ്റ വൃദ്ധയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രതിയായ രാജൻ (54)നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വൈകിട്ട് 3.30നാണ് സംഭവം.

കുളിമുറിയിൽ കയറിയ രാജൻ വൃദ്ധയെ കടന്നുപിടിച്ചു. ഉച്ചത്തിൽ നിലവിളച്ച വൃദ്ധ കുതറിമാറാൻ ശ്രമിച്ചു. ഇതോടെ ഇയാൾ ഇവരുടെ ശരീരഭാഗങ്ങളിൽ കടിക്കുകയും ചവിട്ടുകയും ചെയ്തു. ഈ സമയം വൃദ്ധയുടെ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികളാണ് വൃദ്ധയെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർക്ക് സ്ഥിരം ശല്യക്കാരനായ രാജന്റെ ഭാര്യ വിദേശത്താണ്. ഇയാളുടെ മക്കൾ വിവാഹിതരാണ്.