കയ്യിൽ മാരകായുധങ്ങളും കഞ്ചാവും; കൊച്ചിയിൽ നാലു യുവാക്കൾ അറസ്റ്റിൽ

മാരകായുധങ്ങളും കഞ്ചാവുമായി കൊച്ചിയിൽ നാലു യുവാക്കൾ അറസ്റ്റിൽ. ഇവരിൽനിന്ന് ഒന്നര കിലോയിലധികം കഞ്ചാവും വടിവാളുകളും പിടിച്ചെടുത്തു. കേസില്‍ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.  

എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തുവച്ചാണ് ബൈക്കിലെത്തിയ കഞ്ചാവ് വിൽപന സംഘത്തെ പൊലീസ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. വില്‍പനക്കാരായ ഫനാൻ, ഫിലാലുദ്ദീൻ കഞ്ചാവ്‌ വാങ്ങാനെത്തിയ സജീഷ്‌ , ആസിഫ്‌ എന്നിവരാണ് അറസ്റ്റിലായത്. ബാഗിൽ കവറിൽ ആയി സൂക്ഷിച്ചിരുന്ന ഒന്നര കിലോയിലധികം ഉണക്കിയ കഞ്ചാവും ചെറിയ പാക്കറ്റുകളിലാക്കി പൊടിയാക്കിയ കഞ്ചാവും ഉണ്ടായിരുന്നു. രണ്ട് വടിവാളുകളും ഒരു കഠാരയും ബാഗിൽ നിന്ന് കണ്ടെടുത്തു. കൊച്ചി നഗരത്തിൽ  കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് സെൻട്രൽ സി.ഐ. അനന്തലാൽ പറഞ്ഞു. 

നഗരത്തിൽ ലഹരിമരുന്നിനെതിരെയുള്ള പരിശോധനകൾ ശക്തമാക്കുമെന്നു അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷ് അറിയിച്ചു. കൊച്ചിയിൽ ഗോശ്രീ പാലവും മറൈൻഡ്രൈവും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പന സജീവമാകുന്നതായി പരാതികൾ ഉയർന്നിരുന്നു.