വിലകൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ശീലം; സിസിടിവിയിൽ 19 കാരൻ കുടുങ്ങി

വിലകൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ശീലമാക്കിയ പത്തൊന്‍പതുകാരന്‍ കോഴിക്കോട് അറസ്റ്റില്‍. നടക്കാവ് സ്വദേശി ഷമിമിനെയാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കസബ പൊലീസ് പിടികൂടിയത്. ചടയമംഗലം, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളില്‍ ഷമീമിനെതിരെ നിരവധി കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.യുവാക്കളും വിദ്യാര്‍ഥികളും താമസിക്കുന്ന ഹോസ്റ്റലും വീടുകളുമാണ് കവര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുന്നത്. സംശയത്തിനിട നല്‍കാത്തവിധം താമസക്കാരില്‍ ഒരാളുടെ പേര് രഹസ്യമായി മനസിലാക്കും. ഇയാളുടെ സുഹൃത്തെന്നറിയിച്ച് ഷമീം അകത്തുകയറും. വിലകൂടിയ ഫോണ്‍ കൈക്കലാക്കി സ്ഥലം വിടും. കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലില്‍ സമാനമായ കളവുണ്ടായി. സി.സി.ടി.വിയില്‍ കവര്‍ച്ചക്കാരന്റെ ദൃശ്യം പതിഞ്ഞു. നവമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതോടെ നിരവധി വിളികളെത്തി. 

ഫോട്ടോയില്‍ കണ്ടതിന് സാമ്യമുള്ളയാള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നില്‍ക്കുന്നതായി കസബ പൊലീസിന് വിവരം ലഭിച്ചു. പൊലീസെത്തി ചിത്രം ഒത്തുനോക്കി ഷമീമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ കൂടുതല്‍ കഥകള്‍ പുറത്തായത്. വീടുപേക്ഷിച്ച് കഴിയുന്ന ഷമീം സ്വന്തം ചെലവിനുള്ള പണം കണ്ടെത്താനാണ് മൊബൈല്‍ കവര്‍ച്ച പതിവാക്കിയത്. കഴിഞ്ഞദിവസം കട്ടെടുത്ത ഒന്‍പതിനായിരത്തിലധികം രൂപ വിലയുള്ള ഫോണ്‍ തൊള്ളായിരം രൂപയ്ക്ക് നഗരത്തിലെ ഒരു കടയില്‍ വിറ്റു. 

പൊലീസിന്റെ പരിശോധനയില്‍ ഫോണ്‍ കണ്ടെടുത്തു. ഉടമ തിരിച്ചറിയുകയും ചെയ്തു. ചുരുങ്ങിയ പ്രായത്തിനുള്ളില്‍ ഷമീമിനെതിരെ നടക്കാവ് സ്റ്റേഷനില്‍ മാത്രം അഞ്ച് കേസുണ്ട്. കൊല്ലത്തും ചടയമംഗലത്തും കേസുള്ളതായി തെളിഞ്ഞിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കിടെയാണ് കൊല്ലം ജില്ലയില്‍ നിന്ന് മൊബൈല്‍ കവര്‍ന്നത്. കൂടുതല്‍ ഇടങ്ങളില്‍ കവര്‍ച്ച നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷമീമിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി അടുത്തദിവസം തന്നെ പൊലീസ് അപേക്ഷ സമര്‍പ്പിക്കും.