മറയൂര്‍ ചന്ദന മോഷണകേസ്: ഒളിവിലായിരുന്ന പ്രതികള്‍ പിടിയിൽ

മറയൂരിൽ ചന്ദന മോഷണകേസിൽ  ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍. വനം വകുപ്പ് നടത്തിയ പരിശോധനയിൽ  18 കിലോ ചന്ദനം പിടിച്ചെടുത്തു. 

ചന്ദനം വില്‍പനക്കായി ചെത്തി ഒരുക്കുന്നതിനിടെ പിടികൂടാനെത്തിയ വനപാലകരില്‍ നിന്നും രക്ഷപെട്ട്  ഒളിവിലായിരുന്ന പ്രതികളാണ്  പിടിയിലായതു. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ സ്വദേശികളായ രാജേഷ്,  രാജേന്ദ്രന്‍ എന്നിവരേയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 18 കിലോ ചന്ദനം കണ്ടെത്തി. 

കഴിഞ്ഞ 16 തീയതി കൊല്ലമ്പാറയിലെ ആള്‍താമസമില്ലാത്ത ഒറ്റപെട്ട  വീട്ടില്‍ ചന്ദന വില്‍പന നടക്കുന്നുവെന്ന് വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന്  നടത്തിയ പരിശോധനയില്‍  20 കിലോ ചന്ദനം മുൻപ് പിടിച്ചിരുന്നു. അന്ന് രക്ഷപെട്ടവരാണ് പിടിയിലായത്.   ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഓഫിസര്‍ വി.ജെ ഗീവര്‍, എസ്എഫ്ഒമാരായ എംബി രാമകൃഷ്ണന്‍, വി സുരേന്ദ്രകുമാര്‍,  വച്ചറായ എന്‍.സിവന്‍ എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രതികളെ ചന്ദനം മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം  ദേവികുളം കോടതിയില്‍ ഹാജരാക്കും.