ക്രിക്കറ്റ് കളിക്കിടെ രാഹുൽ പോയതെങ്ങോട്ട് ? ഉത്തരം കിട്ടാതെ മുത്തച്ഛൻ കണ്ണുകളടച്ചു

ആലപ്പുഴ ∙ 13 വർഷം മുൻപു കാണാതായ രാഹുലിനെ ഒരിക്കൽ കൂടി കാണാൻ തുറന്നു വച്ച മുത്തച്ഛന്റെ കണ്ണുകൾ എന്നേക്കുമായി അടഞ്ഞു. ശിവരാമപ്പണിക്കരുടെ‌ (83) അന്വേഷണങ്ങളും പോരാട്ടങ്ങളും അവസാനിച്ചു. സംസ്ഥാനമാകെ വാർത്തയായതാണ് ശിവരാമപ്പണിക്കരുടെ മകൾ മിനിയുടെ മകൻ രാഹുലിന്റെ തിരോധാനം. ആശ്രമം വാർഡിലെ രാഹുൽ നിവാസ് വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് 7 വയസ്സുകാരൻ രാഹുലിനെ 2005 മേയ് 18നു ദുരൂഹമായി കാണാതായത്.

പൊലീസിന്റെ അന്വേഷണം ഫലം കണ്ടില്ല. സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ശിവരാമപ്പണിക്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല. രാഹുലിന്റെ പിതാവ് രാജു കുവൈത്തിലായതിനാൽ രാഹുലിനായുള്ള അന്വേഷണവും മിനിയുടെ സംരക്ഷണവും ശിവരാമപ്പണിക്കരുടെയും ഭാര്യ സുശീലാദേവിയുടെയും ചുമതലയായിരുന്നു. വാർധക്യ അസുഖങ്ങൾ കാരണം ഇന്നലെ പുലർച്ചെയാണു ശിവരാമപ്പണിക്കർ മരിച്ചത്. ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഫലമില്ലാതായതോടെ 2013–ൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചു.

ഇതു ചോദ്യം ചെയ്തു ശിവരാമപ്പണിക്കർ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന പണിക്കരുടെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാൻ കോടതി നിർദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ൽ കോടതിക്കു റിപ്പോർട്ട് നൽകിയപ്പോൾ പണിക്കർ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു. ഇനി ഒന്നും ചെയ്യാനില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. എങ്കിലും ഒരു നാൾ രാഹുൽ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷ പണിക്കർക്കും കുടുംബത്തിനും ഉണ്ടായിരുന്നു. പണിക്കരുടെ സംസ്കാരം കൊറ്റംകുളങ്ങര കോവിലകത്തെ കുടുംബ വീട്ടിൽ നടത്തി. മറ്റു മക്കൾ: സനൽകുമാർ, അനിൽ കുമാർ. മറ്റു മരുമക്കൾ: ഷൈനി, ശശികല.