ബി.ജെ.പി നേതാക്കളെ വധിക്കാൻ ഗൂഢാലോചന; തീവ്രവാദബന്ധമുള്ള യുവാവ് അറസ്റ്റിൽ

ബി.ജെ.പി നേതാക്കളെയുൾപ്പെടെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കാസർകോട് ഒരാൾ അറസ്റ്റിൽ. ചെമ്പരിക്ക സ്വദേശി മുഫസീൽ എന്ന തസ്ലീമിനെയാണ് ഡല്‍ഹി പോലീസെത്തി വീട് വളഞ്ഞ് പിടികൂടിയത്. അതീവ രഹസ്യ സ്വഭാവമുള്ള നിരവധി കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

വെള്ളിയാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ അന്വേഷണസംഘം കാസര്‍കോട് ജില്ലാ പോലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തത്. അതീവരഹസ്യ സ്വഭാവമുള്ള കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി പോലീസ് തയ്യാറായിട്ടില്ല. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ മുഫസീലിനെ വിമാനമാർഗം ഡൽഹിയിൽ എത്തിച്ചു. നേതാക്കളെ വധിക്കാൻ ഇയാളുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ ഡൽഹി പൊലീസിന് മതിയായ തെളിവുകൾ കിട്ടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും ഇദ്ദേഹത്തിന് നിരവധി ബന്ധങ്ങളുണ്ട്. 

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് പാസ്‌പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ് തസ്ലീമെന്ന് പോലീസ് പറയുന്നു. ദുബൈയില്‍ സർക്കാർ സംവിധാനങ്ങൾക്ക് ഉൾപ്പെടെ വിവരം കൈമാറുന്നയാളായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീമിനെ 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും മുംബൈ വഴി കേരളത്തിലെത്തിക്കുകയും ചെയ്തിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. 

തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഐ ബി, എന്‍ ഐ എ തുടങ്ങിയ ഏജന്‍സികള്‍ അന്ന് തസ്ലീമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2017 ൽ ചെമ്പരിക്കയിലെ ഷംസുദ്ദീനെയും കുടുംബത്തെയും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും തസ്ലീമിനെതിരെ പരാതി ഉയര്‍ന്നിരുന്നു. തസ്ലീമിനെ കുറിച്ച് പലതവണ കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്ത കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയിച്ചിട്ടില്ലെന്ന് കാസർകോട് ജില്ലാ പൊലീസ് വ്യക്തമാക്കി. വിദ്യാനഗര്‍ എസ് ഐയും സംഘവുമാണ് പ്രതിയെ പിടികൂടാന്‍ ഡല്‍ഹി പോലീസിന് സഹായം നല്‍കിയത്.