വിരലടയാളം പോലും പതിഞ്ഞില്ല; കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നിൽ ഇതര സംസ്ഥാന സംഘം?

കോഴിക്കോട് കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതരസംസ്ഥാന സംഘമെന്ന് സൂചന. സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊബൈല്‍ വിളികളുടെയും സഹായത്താലാണ് നാദാപുരം പൊലീസിന്റെ നിഗമനം. സംഘം സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും വ്യക്തമായി.  

ഡിസംബര്‍ നാലിന് രാവിലെയാണ് കല്ലാച്ചി റിന്‍സി ജ്വല്ലറിയില്‍ കവര്‍ച്ചയുണ്ടായത്. ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നത്. കമ്പിപ്പാര ഉപയോഗിച്ച് തുരങ്കമുണ്ടാക്കി അകത്ത് കടന്ന് ലോക്കര്‍ പൊളിച്ചായിരുന്നു കവര്‍ച്ച. വിരലടയാളം പോലും പതിയാതെ നോക്കാന്‍ സംഘം ശ്രദ്ധിച്ചു. മൊബൈല്‍ ഫോണ്‍ വിളിയിലും കവര്‍ച്ചക്കാര്‍ മിതത്വം പാലിച്ചു. എന്നാല്‍ നാദാപുരം മേഖലയില്‍ ചില വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പതിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണത്തെ സഹായിച്ചു. ഇവര്‍ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ അന്വേഷണസംഘം ആവര്‍ത്തിച്ച് പരിശോധിച്ചു. 

നാദാപുരം, വടകര പരിധിയിലെ മൂന്ന് ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ വിളികളിലും ചില വിവരങ്ങള്‍ ലഭിച്ചു. ഇവര്‍ മഹാരാഷ്ട്ര , ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ളവരെന്നാണ് സൂചന. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിവിധയിടങ്ങളിലും സമാനമായ രീതിയില്‍ സംഘം കവര്‍ച്ച നടത്തിയതിന്റെ പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മലപ്പുറം കൊണ്ടോട്ടിക്ക് സമീപമുണ്ടായ കവര്‍ച്ചയിലും ഇവരുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെത്തി ആസൂത്രണത്തിന് ശേഷം വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് കേരളത്തിലെ കവര്‍ച്ച പൂര്‍ത്തിയാക്കുന്നത്. നാദാപുരം എസ്.ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജ്വല്ലറി കവര്‍ച്ചക്കേസ് അന്വേഷിക്കുന്നത്.