യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികളെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

തിരുവല്ലയ്ക്ക് സമീപം ഓതറയിൽ യുവാവിനെ വീട്ടിൽ കയറി കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. ക്നാനായ സഭാ കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്  സഭാ മാനേജ്മൻറ് കമ്മിറ്റി അംഗമായ ബിനു കുരുവിളക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. പക്ഷേ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നുമില്ല.

കഴിഞ്ഞ ഏപ്രിൽ ഏഴിന് രാത്രി പതിനൊന്നരയോടെയായിരുന്നു  മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം  ബിനുവിനെ വീട്ടിൽ കയറി ആക്രമിച്ചത്. കമ്പി വടികൊണ്ടുള്ള ആക്രമണത്തിൽ ബിനുവിൻറെ തലയ്ക്കും വലതു കാലിനും ഗുരുതരമായി പരുക്കേറ്റു. മൂഖത്തേറ്റ അടിയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ നഷ്ടമായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലാണ് ബിനു ഇപ്പോൾ. 

ക്നാനായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മൽസരിക്കാനിരിക്കെയാണ്  ബിനു കുരുവിളയ്ക്ക് നേരെ ആക്രണമുണ്ടായത് . ഗർഭിണിയായ ഭാര്യയുടെയും വൃദ്ധ മാതാവിന്റേയും  മുന്നിലിട്ടായിരുന്നു ആക്രമണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകളും സഹിതം ദേശീയ ന്യൂനപക്ഷ കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പ്രതികളെ പിടികൂടാൻ തയാറായിട്ടില്ല.

അതേസമയം പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ്  പൊലീസിന്റെ വിശദീകരണം. കേസിൽ തുടർനടപടിയുണ്ടാകാത്തതിനെതിരെ കോടതിയെ സമീപിക്കാനാണ് ബിനുവിന്റേയും കുടുംബത്തിന്റേയും തീരുമാനം.