ദയവായി കൊല്ലരുത്; തള്ളിയിടുമ്പോൾ ഭര്‍ത്താവിന്റെ കയ്യിൽത്തൂങ്ങി ദീപിക പറഞ്ഞത്

ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാൻ നമ്മുടെ മക്കളെ സ്നേഹിക്കുന്നു. എട്ടാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ഭർത്താവ് തള്ളിയിടുന്നതിന് തൊട്ടുമുൻപ് ദീപിക ചൗഹാൻ പറഞ്ഞ വാക്കുകളാണിത്. സംഭവം നേരിൽക്കണ്ട അയൽവാസിയാണ് പൊലീസിന് മൊഴിനൽകിയത്. 

ഒക്ടോബർ 27നാണ് ഡൽഹിയിലെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ നിന്ന് ദീപിക ചൗഹാനെ (32) ഭർത്താവ് വിക്രം ചൗഹാൻ തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. നാല് വയസ്സുള്ള മകളും അഞ്ച് മാസം മാത്രം പ്രായമുള്ള മകനും വീടിനുള്ളിൽ ഉറങ്ങിക്കിടക്കവെയായിരുന്നു അരുംകൊല. 

ഫ്ലാറ്റിൽ നിന്ന് വീണുമരിച്ചെന്നായിരുന്നു ഭര്‍ത്താവ് പൊലീസിനെയും അയൽവാസികളെയും അറിയിച്ചത്. എന്നാൽ തൊട്ടടുത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരുടെ മൊഴികളെത്തുടർന്നാണ് അന്വേഷണം വിക്രമിലേക്ക് നീണ്ടത്. വിക്രമിന്റെ കൈത്തണ്ടയിൽ നഖത്തിന്റെ പാടുകൾ കണ്ടെത്തിയതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. കൂടുതൽ ചോദ്യം ചെയ്തതോടെ വിക്രം കുറ്റസമ്മതവും നടത്തി. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വിക്രമിന് ഷെഫാലി ഭാഷിൻ എന്ന യുവതിയുമായുണ്ടായിരുന്ന ബന്ധം ദീപിക അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഒക്ടോബർ 27ന് വൈകീട്ടും ഇവർ തമ്മില്‍ വഴക്കുണ്ടായി. ഷെഫാലിയെ നേരിൽക്കാണാൻ പോകുന്നതായി ദീപിക അറിയിച്ചു. ഷെഫാലിയെ ഇതറിയിക്കാൻ വിക്രം തൊട്ടടുത്തുള്ള അവരുടെ വീട്ടിലേക്ക് പോയി. സിസിടിവി കാമറകൾ ഒഴിവാക്കാൻ സ്റ്റെപ്പുകൾ വഴിയാണ് വിക്രം പോയത്. 

എന്നാൽ ദീപിക ഷെഫാലിയുടെ വീട്ടിലേക്കല്ല പോയത് എന്ന് മനസ്സിലാക്കിയതോടെ വിക്രം ഫ്ലാറ്റിൽ മടങ്ങിയെത്തി. ഫ്ലാറ്റിലെത്തിയ മാതാപിതാക്കൾ പോയപ്പോൾ സമയം രാത്രി 9.30. 9.37ന് വിക്രം ദീപികയെ ബാൽക്കണിയിലേക്ക് വലിച്ചിഴച്ച ശേഷം തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ദീപിക ഫ്ലാറ്റിൽ നിന്ന് വീണെന്ന് അയൽവാസികളെ അറിയിച്ചു. സഹായത്തിനായി ഓടിക്കൂടിയവർ ദീപികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിക്രമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ച കാമുകിയും മാധ്യമപ്രവർത്തകയുമായ ഷെഫാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.