കോഴിക്കോട് വീണ്ടും വന്‍ പുകയില വേട്ട; പാ‍ർസലായി എത്തിയത് 300 കിലോ

കോഴിക്കോട് വീണ്ടും വന്‍ പുകയില വേട്ട. ഗുജറാത്തില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാര്‍സലായി എത്തിയ മുന്നൂറ് കിലോഗ്രാം നിരോധിത പുകയിലയാണ് പിടികൂടിയത്. എന്നാല്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. ‌പോര്‍ബന്ദര്‍– കൊച്ചുവേളി എക്്സ്പ്രസിലാണ് ഒരോ കിലോ വീതമുള്ള മുന്നൂറ് പാക്കറ്റ് പുകയില എത്തിയത്. ഇതിന് ഏതാണ്ട് മൂന്ന് ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. പിടികൂടിയവയില്‍ രണ്ടു തരത്തിലുള്ള പുകയിലയാണ് ഉണ്ടായിരുന്നത്. ഇവ വേര്‍തിരിച്ച്  മനസിലാകാനായി പാക്കറ്റിന് പുറത്ത് മൂന്ന് എന്നും 97 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എക്സൈസും ആര്‍പിഎഫും നടത്തിയ പരിശോധനയില്‍ 97 എന്നു രേഖപ്പെടുത്തിയ പുകയിലയ്ക്ക് വില കൂടുെമന്നും മനസിലായി.

പാക്കറ്റിന് പുറത്ത് നിര്‍മാണ കമ്പനിയുടെ പേരോ മറ്റു വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. അയച്ച ആളിന്‍റേയോ സ്വീകരിക്കുന്ന ആളിന്‍റെയോ പേരും  ലഭ്യമില്ല. എങ്കിലും നിലവില്‍ ലഭിച്ചിട്ടുള്ള സൂചനകളും വിവരങ്ങളും അനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനാന്തര ബന്ധമുള്ള മാഫിയയാകാം ഇതിന് പിന്നില്‍ എന്നാണ് സൂചന.