ലഹരികടത്ത് സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി

പാലക്കാട്ട് ലഹരികടത്ത് സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ  പൊലീസ് അന്വേഷണം ശക്തമാക്കി. കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഷൊർണൂർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപെട്ടത്. കാറിനുള്ളിൽ നിന്ന് 21 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി.

പൊള്ളാച്ചി പാലക്കാട് പാതയിൽ എലപ്പുളളി പാറയിലാണ് കഴിഞ്ഞ രാത്രിയിൽ അപകടമുണ്ടായത്. അപകടത്തിൽ ഷൊർണൂർ സ്വദേശി രാഹുലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഭിജിത്തിനെ ഗുരുതര പരുക്കുകളോടെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ  മറ്റൊരാളായ അൻഷിഫ് രക്ഷപെട്ടെന്നാണ് വിവരം. കാറിനുള്ളിൽ സുക്ഷിച്ചിരുന്ന 21 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പഴനിയിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്ക് കഞ്ചാവുമായി പോകുമ്പോൾ എതിരെ വന്ന ലോറിയുമായി കാർ  കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ വടകര റജിസ്ട്രേഷനിലുള്ള  കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് രണ്ടു പേരെ പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.  കഞ്ചാവ് കടത്തിന് നേരത്തെ നിരവധി കേസുകളിൽ രാഹുൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.