മകൻ പുലർച്ചെ മുറിയിലില്ല, സൈക്കിളും കാണാനില്ല; കണ്ടെത്തിയത് കഞ്ചാവ് ലഹരിയിൽ കുളത്തിൽ

രാത്രിയിൽ അസമയത്തു സഞ്ചരിക്കുന്ന കൗമാരക്കാർ ജാഗ്രതൈ, നിങ്ങളുടെ പിന്നാലെ ഇനി പൊലീസ് എപ്പോഴുമുണ്ടാകും. അസമയത്തു കറങ്ങുന്ന പ്രായപൂർത്തിയാകാത്തവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് എസ്ഐ രാജൻബാബു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണവുമായി ബന്ധപ്പെട്ട് പതിനേഴുകാരനെ പിടികൂടിയതാണു പൊലീസിനും വീണ്ടുവിചാരമുണ്ടാകാൻ കാരണം.

സുഹൃത്തിന്റെ കാമുകീസംഗമത്തിനു കൂട്ടുപോയ പതിനേഴുകാരൻ സമീപമുള്ള വീടിന്റെ ജനൽ തുറന്നുകിടക്കുന്നതു കണ്ടാണു മോഷണം നടത്താനും യുവതിയെ ഭീഷണിപ്പെടുത്താനും തുനിഞ്ഞത്. യുവതിയുടെ മൊഴി ആദ്യം വിശ്വസിക്കാതിരുന്ന പൊലീസ് പിന്നീടു കംപ്യൂട്ടർ വിദഗ്ധന്റെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്. രാത്രികാലങ്ങളിൽ കൗമാരക്കാരായ ഒട്ടേറെപ്പേരെ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുമെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ നടപടിയെടുക്കാറില്ല.

പല സംഭവങ്ങളും വീട്ടുകാർ അറിയാതെ പോവുകയാണു പതിവ്. ലഹരി ഉപയോഗിച്ച് സൈക്കിളിലും മറ്റും കറങ്ങുന്ന കുട്ടികൾ ഒട്ടേറെ.  രാത്രികാലങ്ങളിൽ രക്ഷാകർത്താക്കളുടെ ശ്രദ്ധ എപ്പോഴും കുട്ടികളുടെ മേലുണ്ടാകണമെന്നു പൊലീസ് അറിയിക്കുന്നു. ഇന്നലെ ബോട്ട് ജെട്ടി ഭാഗത്തു നിന്നു സംശയാസ്പദമായ രീതിയിൽ കണ്ട ഒട്ടേറെ വിദ്യാർഥി–വിദ്യാർഥിനികളെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.

ലഹരിയിൽ നീന്തിത്തുടിച്ച്

കഴിഞ്ഞ മാസം, കണ്ടല്ലൂർ സ്വദേശിയായ ഒരു അധ്യാപികയ്ക്കുണ്ടായ അനുഭവമാണ്.  പുലർച്ചെ ഒൻപതാം ക്ലാസുകാരനായ മകനെ നോക്കിയപ്പോൾ മുറിയിൽ ഇല്ല. പുറത്തു സൈക്കിളും കാണാനില്ല. ബന്ധുക്കളെ വിവരമറിയിച്ച് അന്വേഷിച്ചപ്പോഴാണു കഞ്ചാവിന്റെ ലഹരിയിൽ സമീപമുള്ള ക്ഷേത്രക്കുളത്തിൽ മകൻ നീന്തി തുടിക്കുന്നതു കാണുന്നത്. പിന്നീടു നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് വിൽപനയിലെ കണ്ണിയാണെന്നും കൂടി അറിഞ്ഞതോടെ വീട്ടുകാർ ഞെട്ടി. മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട സ്കൂൾ വിദ്യാർഥികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്നതായാണു പൊലീസ് റിപ്പോർട്ട്.