ദുരഭിമാനക്കൊല; അമൃതയുടെ അച്ഛൻ അറസ്റ്റിൽ; ആസൂത്രണം ഇങ്ങനെ

തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ അമൃതയുടെ അച്ഛൻ മാരുതി റാവു അറസ്റ്റിൽ. കൊല്ലപ്പെട്ട പ്രണയിയുടെ ഭാര്യ അമൃതയുടെ അച്ഛനായ മാരുതി റാവുവാണ് മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്നു. റാവുവിന്റെ സഹോദരൻ ശ്രാവൺ ഉൾപ്പെടെ മറ്റ് അഞ്ച് പേരെയും  അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്തിയ സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചുപേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുഭാഷ് ശർമയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. 

ഈ വർഷം ജൂണിലാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചർച്ചകൾക്ക് ശേഷം ഒരു കോടി രൂപയുടെ ക്വട്ടേഷൻ നല്‍കാൻ തീരുമാനിച്ചു. 16 ലക്ഷം അ‍ഡ്വാൻസ് നൽകി. 

സംഭവം നടന്ന് നാല് ദിവസങ്ങൾക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ(21) വിവാഹം ചെയ്ത പ്രണയ് കുമാറിനെ(23) പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് പ്രണയ് കൊല്ലപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയിയെ കൊലപ്പെടുത്തിയതെന്ന് അമൃത ആരോപിച്ചിരുന്നു.

ജനുവരിയിലാണ് അമൃതയും പ്രണയിയും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.