പോളിടെക്നിക്കില്‍ എസ്എഫ്ഐയുടെ റാഗിങ്; വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു

വണ്ടിപ്പെരിയാർ സര്‍ക്കാര്‍  പോളിടെക്നിക്കില്‍  റാഗിങിനിരയായ വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു.  ജീവനു ഭീഷണിയെ തുടർന്നാണ് പഠനം ഉപേക്ഷിച്ചതെന്ന് വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു.  മൂന്ന് വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

മൂന്നാം വർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിനിയാണ് ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ പെൺകുട്ടി. കഴി‍ഞ്ഞ മാസം ആദ്യം സ്പോട്ട് അഡ്മിഷൻ കിട്ടിയെങ്കിലും വെള്ളപ്പൊക്കത്തെത്തുടർന്ന് വിദ്യാർഥിനിക്ക് ആലപ്പുഴയിൽ നിന്നു ഇടുക്കിയിലെ പോളി ടെക്നിക്കിലെത്താൻ കഴിഞ്ഞില്ല.  ഈ മാസം രണ്ടിനാണ് ഹോസ്റ്റലിലെത്തിയത്. പിറ്റേന്ന് എസ്എഫ്ഐ പ്രവർത്തകരും സീനിയർ വിദ്യാർഥികളും മുറിയിലെത്തി റാഗ് ചെയ്തെന്നാണ് വിദ്യാർഥിനിയുടെ പരാതി.  എട്ടുപേർ ചേർന്ന് തൊഴിക്കുകയും കരണത്തടിക്കുകയും ചെയ്തു.  വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ രക്ഷിതാക്കളെത്തി നാട്ടിലേക്കു കൊണ്ടു പോയി.  

പോളിടെക്ക്നിക്കിലെ ആന്റി റാഗിങ് സെല്ലിന് മൊഴി നൽകാനായി ബുധനാഴ്ച അച്ഛനോടൊപ്പം പെൺകുട്ടി കോളജിൽ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മുറിയിൽ പൂട്ടിയിട്ട അച്ഛനെയും മകളെയും പൊലീസ് എത്തി കുട്ടിക്കാനം വരെ കൊണ്ടുവിടുകയായിരുന്നു. 

കോളജ് സുരക്ഷിതമല്ലെന്നും കോളജിലെ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നും മൊഴി നൽകാൻ വരുന്ന വിവരം പ്രിൻസിപ്പൽ ചോർത്തിക്കൊടുത്തെന്നും ആരോപണമുണ്ട്. കോളജ് പ്രിൻസിപ്പൽ  നിഷേധിച്ചു.  പിതാവിന്റെ ആരോപണങ്ങൾ ശരിയല്ലെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി  പറഞ്ഞു.   പെൺകുട്ടിക്ക് കോളജിൽ തുടർപഠനത്തിനു  സാഹചര്യം ഒരുക്കാൻ എസ്എഫ്ഐ തയാറാണെന്നും സെക്രട്ടറി അറിയിച്ചു.