ബ്യൂട്ടിപാർ‍ലറിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ചു; സിസിടിവി കുടുക്കി; നേതാവ് പിടിയിൽ

തമിഴ്നാട് പെരമ്പല്ലൂരില്‍ ബ്യൂട്ടി പാര്‍ലറിനകത്ത് അതിക്രമിച്ചുകയറി ഡി.എം.കെ നേതാവ് യുവതിയെ ക്രൂരമായി മര്‍ദിച്ചു. കടം നല്‍കിയ പണം തിരിച്ചുതന്നില്ലെന്നാരോപിച്ചാണ് അക്രമണം. മുന്‍ ജില്ല കൗണ്‍സിലര്‍ കൂടിയായ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പാര്‍ട്ടിയുടെ പ്രഥമികാംഗത്വത്തില്‍ നിന്ന് ഡി.എം.കെ പുറത്താക്കി.

പെരമ്പല്ലൂര്‍ വേപ്പന്‍തട്ടൈയിലെ ലേഡീസ് ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ച് കടന്ന ഡിഎംകെ നേതാവ് സെല്‍വകുമാര്‍ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരിയായ യുവതിയെ മര്‍ദിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ബ്യൂട്ടിപാര്‍ലറിലെ മറ്റ് ജീവനക്കാര്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ യുവതിയെ ക്രൂരമായി ചവിട്ടി പരുക്കേല്‍പ്പിച്ചത്.

പലതവണയായി ഇരുപത് ലക്ഷത്തോളം രൂപ കടമായി നല്‍കിയിട്ടുണ്ടെന്നും ഇത് തിരിച്ചുതരാത്തതിനാലാണ് ചോദ്യംചെയ്തതും മര്‍ദച്ചതുമെന്നും സെല്‍വകുമാര്‍ പൊലീസിന് മൊഴി നല്‍കി. പെരമ്പല്ലൂര്‍ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഡി.എം.കെ ജനറല്‍ െസക്രട്ടറി കെ.അന്‍പഴകന്‍ ഇയാളെ പുറത്താക്കി. 

കരുണാനിധി ചികിത്സയിലിരിക്കെ ഹോട്ടലുടമയെ ഡി.എംകെ പ്രവര്‍ത്തകര്‍ മര്‍ദിച്ചതും വിവാദമായിരുന്നു. ബിരിയാണി നല്‍കാത്തതിലായിരുന്നു മര്‍ദനം. കഴിഞ്ഞ ദിവസം മൊബൈല്‍ കട അക്രമിച്ചതുമായി ബന്ധപ്പെട്ടും ഡി.എംകെ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നതിനാല്‍ കര്‍ശന നടപടികളാണ് നേതൃത്വം കൈക്കൊള്ളുന്നത്.