കുമളിയിൽ കഞ്ചാവുമായി എറണാകുളം സ്വദേശികള്‍ പിടിയിൽ

കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ നാല് കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികൾ പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശികളാണ് പിടിയിലായത്. കഞ്ചാവ് എറണാകുളത്ത് ചില്ലറ വില്പന നടത്തുകയായിരുന്നു ലക്ഷ്യം.

തമിഴ്നാട് കമ്പത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച എറണാകുളം സ്വദേശികളായ  ഗിന്നർ എന്ന് വിളിപ്പേരുള്ള മുഹമ്മദ് സുൾഫിക്കർ, അൻസൽഷ എന്നിവരാണ് കുമളിയിൽ പിടിയിലായത്. എക്സൈസിന്റെ പരിശോധനയിൽ നാല് കിലോ കഞ്ചാവ് കണ്ടെടുത്തു. ബാഗിനുളളിൽ രണ്ട് പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കമ്പത്ത് നിന്ന് മുപ്പത്തിയ്യായിരം രൂപ മുടക്കിയാണ് കഞ്ചാവ് വാങ്ങിയത് എന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി. മുമ്പും ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിയിട്ടുണ്ട് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളുടെ പേരിൽ മറ്റു കേസുകളും ഉണ്ട്. കഞ്ചാവ് എറണാകുളത്ത് എത്തിച്ച് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ചില്ലറ വില്പന നടത്തുക ആയിരുന്നു ലക്ഷ്യം. അമ്പത് ഗ്രാമിന്റെ പൊതികൾ രണ്ടായിരം രൂപയ്ക്കാണ് വില്പന. പെൺകുട്ടികൾക്ക് വില കുറച്ച് വില്പന നടത്തിവന്നതായും പ്രതികൾ എക്സൈസിനോട് പറഞ്ഞു. അതിർത്തി വഴി ഗഞ്ചാവ് കടത്ത് വ്യാപകമായതോടെ അന്വേഷണം ഊർജിതമാക്കുകയാണ് എക്സൈസ്.