എച്ച്ഡിഎഫ്സി ഉന്നതഉദ്യോഗസ്ഥന്റെ കൊലപാതകത്തിന് പിന്നില്‍ മോഷണശ്രമമെന്ന് പൊലീസ്

മുംബൈയിൽ എച്ച്ഡിഎഫ്സി ഉന്നതഉദ്യോഗസ്ഥന്‍ സിദ്ധാർഥ് സങ്‍വിയുടെ കൊലപാതകത്തിന് പിന്നില്‍ മോഷണശ്രമമെന്ന് പൊലീസ്. അറസ്റ്റിലായ സർഫറാസ് ഷെയ്ഖ് ഒറ്റയ്ക്കാണ് കൊലപാതകംനടത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി. നേരത്തെ, സഹപ്രവർത്തകർ ആസൂത്രണംചെയ്ത ക്വൊട്ടേഷൻ കൊലപാതകമെന്നായിരുന്നു വിശദീകരണം. കൊലപാതകിയെ ഈമാസം 19വരെ കസ്റ്റഡിയിൽവിട്ടു. 

എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡൻറായിരുന്ന സിദ്ധാർഥ് സാങ്‍വിയെ ഭീഷണിപ്പെടുത്തി പണംതട്ടാനായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതിനെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസിൻറെ വിശദീകരണം. സിദ്ധാർഥ് ജോലി ചെയ്തിരുന്ന അതേകെട്ടിടത്തിൽ മൂന്നു വർഷമായി ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു സർഫറാസ് ഷെയ്ഖ് . ഇയാൾ വാടകയ്ക്ക് കാ‍ർ ഡ്രൈവറായും ജോലി നോക്കിയിരുന്നു. 

പണംതട്ടാൻ മുൻകൂട്ടി തീരുമാനിച്ചശേഷം ബുധനാഴ്ച സിദ്ധാർഥിൻറെ കാറിൽ ഇയാൾ ലിഫ്റ്റ് ചോദിച്ച് കയറി. എച്ച്ഡിഎഫ്സി പാർക്കിങ് സ്ഥലത്തുവച്ച് പണമാവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ തർക്കത്തിനിടെ സിദ്ധാർഥിനെ കത്തികൊണ്ട് കുത്തി. മരണം ഉറപ്പാക്കിയശേഷം മൃതദേഹം സിദ്ധാർഥിൻറെ കാറിൽതന്നെ കല്യാണിലെത്തിച്ചു, ആളോഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. തുടർന്ന് സറഫറാസ് താമസിക്കുന്ന കോപ്പർഖൈർനയിലേക്ക് അതേകാറിൽ യാത്രചെയ്തു. ശേഷം വാഹനവും ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

സിദ്ധാർഥിൻറെ സഹപ്രവർത്തകർക്ക് ജോലിസംബന്ധമായി ഉടലെടുത്ത അസൂയയാണ് വൈരാഗ്യത്തിലേക്കും കുറ്റകൃത്യത്തിലേക്കും നയിച്ചതെന്നായിരുന്നു പൊലീസിൻറെ ആദ്യവിശദീകരണം.