മണ്ണ് കടത്തിന് കൂട്ടുനിന്ന എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ

തിരുവനന്തപുരം പോത്തന്‍കോട് മണ്ണ് കടത്തിന് കൂട്ടുനിന്ന എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. എ.എസ്.ഐ അനില്‍കുമാര്‍ കുന്നിടിച്ച് മണ്ണെടുത്ത് സ്വന്തം പറമ്പ് നികത്തിയതായി വകുപ്പ് തല അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. മണ്ണ് കടത്തലിന് പൊലീസ് പിടികൂടിയ ടിപ്പര്‍ ലോറി സ്റ്റേഷനില്‍ നിന്ന് അനില്‍കുമാര്‍ ബലമായി കടത്തിക്കൊണ്ടുപോവുകയും ചെയ്തു.

പോത്തന്‍കോട് സ്റ്റേഷനിലെ എ.എസ്.ഐ അനില്‍കുമാറിനെയാണ് മണ്ണ് കടത്തലിന് നേതൃത്വം നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. മണ്ണ് കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ വാഹനത്തെയും ഡ്രൈവറെയും അനില്‍കുമാര്‍ ഇടപെട്ട് ബലമായി സ്റ്റേഷനില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും സി.ഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറല്‍ എസ്.പി പി. അശോക് കുമാര്‍ നടപടിയെടുത്തത്. 

അനില്‍കുമാറിന്റെ ഉടമസ്ഥതയില്‍ വാവറയമ്പലം എന്ന സ്ഥലത്തുള്ള പാടം നികത്താനായാണ് കുന്നിടിച്ച് മണ്ണെടുത്തിരുന്നത്. അനില്‍കുമാര്‍ സ്റ്റേഷനില്‍ നൈറ്റ് ഓഫീസറായി ചുമതലയിലിരിക്കുന്ന ദിവസങ്ങളിലായിരുന്നു മണ്ണ് കടത്ത്. എന്നാല്‍ അനില്‍കുമാര്‍ ഡ്യൂട്ടിയിലില്ലാതിരുന്ന കഴിഞ്ഞ ദിവസം സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരന്‍ മണ്ണുമായി പോയ ടിപ്പര്‍ കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ് സ്റ്റേഷനിലെത്തിയ അനില്‍കുമാര്‍ ബലമായി വാഹനവും മണ്ണും കടത്തിക്കൊണ്ടുപോവുകയായിരുന്നു. മറ്റ് പൊലീസുകാര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം നടന്നതും സസ്പെന്‍ഡ് ചെയ്തതും.