പിരിവ് നൽകാത്തതിന് പരാക്രമം, റിസോർട്ട് അടിച്ചുതകർത്തു

പിരിവ് കൊടുക്കാത്തതിന്റെ പേരിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെയും ഡിവൈഎഫ്ഐ നേതാവിന്റേയും നേതൃത്വത്തിൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ  റിസോർട്ട് അടിച്ചു തകർത്തു. തൊമ്മൻകുത്ത് വിനോദസഞ്ചാര  കേന്ദ്രത്തിലെ സ്വകാര്യ  റിസോർട്ടാണ് 15 അംഗ സംഘം അടിച്ചു തകർത്തത്. ഒൻപത് ലക്ഷം രൂപയുടെ നഷ്മുണ്ടായതായി ഉടമ അറിയിച്ചു

ഇന്നലെ മൂന്നരയോടെയാണ് ഡിവൈഎഫ്ഐ സംഘം  കൊടിയും പിടിച്ച് പ്രകടനമായി   തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന് സമൂപമുള്ള  സ്വകാര്യ  റിസോർട്ടിലേക്ക് പാഞ്ഞെത്തിയത്.  സംഘം റെസ്റ്റോറന്റും മുറികളുമെല്ലാം അടിച്ചു തകർക്കുകയായിരുന്നു.  സിപിഎം– ഡിവൈഎഫ്ഐ സംഘം പാഞ്ഞടുക്കുന്നത് കണ്ട്  റിസോർട്ട് ഉടമയും  ജീവനക്കാരും  ഓടി രക്ഷപെട്ടു. സംഭവത്തിൽ സിപിഎം തൊമ്മൻകുത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി ജോമോൻ ജേക്കബ്, ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി അംഗം മുഹമ്മദ് റോഷൻ എന്നിവർ ഉൾപ്പെടെ 15 പേർക്കെതിരെ കരിമണ്ണൂർ പൊലീസ് കേസ് എടുത്തു.  

അതിക്രമത്തിനു ശേഷം തിരികെ ജംങ്ഷനിലെത്തിയ സംഘം റിസോർട്ടിനെതിരെ ഫ്ലെക്സും ഉയർത്തിയ ശേഷമാണ് സ്ഥലം വിട്ടത്. റിസോർട്ടിൽ  ടൂറിസത്തിന്റെ മറവിൽ പെൺവാണിഭം എന്ന    ഫ്ലെക്സാണ് ‌ഡിവൈഎഫ്ഐയുടെ പേരിൽ  ഉയർത്തിയത്. ഇതിനു മുമ്പും സംഘം റിസോർട്ടിലെത്തി പിരിവ് ചോദിച്ചിരുന്നു. പിരിവ്‌ കൊടുക്കാത്തതിന്റെ  വൈരാഗ്യത്തിലാണ് റിസോർട്ടിനെതിരെ ആരോപണം ഉന്നയിച്ച് അക്രമം നടത്തിയത്.അതേ സമയം റിസോർട്ടിനെതിരെ ഇതേ വരെ പരാതിയൊന്നും പൊലീസിൽ ലഭിച്ചിട്ടില്ലെന്ന് കരിമണ്ണൂർ എസ്ഐ ക്ലീറ്റസ് കെ.ജോസഫ് പറഞ്ഞു. പ്രളയ ദുരന്തത്തിൽ നാട് കഴിയുമ്പോൾ പിരിവ് കൊടുക്കാത്തതിന്റെ പേരിൽ റിസോർട്ട് അടിച്ചു തകർത്ത സംഭവം സിപിഎമ്മിനെ  പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.