സെൽഫി ദിനത്തിൽ യുവതിക്കു ദാരുണാന്ത്യം; മലമുകളിൽ നിന്നും കൊക്കയിലേക്ക് വീണുമരിച്ചു

സെൽഫി ദിനത്തിൽ സെൽഫിയെക്കുറിച്ച് അത്ര നല്ല വാർത്തയല്ല കേൾക്കുന്നത്. സെൽഫിയെടുക്കുന്നതിൽ ഏതറ്റം വരെയും പോകുന്നവർ പലപ്പേ‍ോഴും അപകടങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് പതിവ്. കഴിഞ്ഞ ദിസവം മുംബയിലും സമാനമായ ഒരു സെൽഫി ദുരന്തമുണ്ടായി. ഭർത്താവിനും കുട്ടികൾക്കുമൊപ്പം മലമുകളിൽ നിന്നു സെൽഫിയെടുത്ത യുവതിക്ക് സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടു. മുപ്പത്തിമൂന്നുകാരി സരിത രാംരമേഷ് ചൗഹാനാണ് മരിച്ചത്.

മതെരാനിലെ ലൂയിസ പോയിന്റില്‍ വെച്ച് സെല്‍ഫിയെടുക്കുകയായിരുന്ന സരിത മലമുകളില്‍ നിന്ന് കാല്‍ തെന്നി 900 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് റാമും മൂന്ന് കുട്ടികളും ഒപ്പമുണ്ടായിരുന്നു. മുംബൈയിലെ റെയ്ഗാഡ് ജില്ലയില്‍ മതെരാന്‍ ഹില്‍സ്‌റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.

അപകടം മതെരാന്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അര്‍ദ്ധ രാത്രിയോടെയാണ് സരിതയുടെ മൃതദേഹം താഴ്‌വരയില്‍ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്കു വിട്ടു നല്‍കി.