17-ാം നിലയിൽ നിന്നും സെൽഫി; താഴെ വീണ് 16കാരിക്ക് ദുബായിൽ ദാരുണാന്ത്യം

ദുബായിൽ  17–ാം നിലയിലെ അപാർട്ട്മെന്റ് ബാൽക്കണിയിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് പതിനാറുകാരിക്ക് ദാരുണാന്ത്യം. ഷെയ്ഖ് സയീദ് റോഡിലെ അപാർട്ട്മെന്റിലാണ് അപകടമുണ്ടായത്. ഏഷ്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചതെന്ന് ദുബായ് പൊലീസ് അധികൃതർ അറിയിച്ചു. അപാർട്ട്മെന്റിന്റെ ബാൽക്കണിയിൽ കസേരയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടി താഴേക്ക് പതിച്ചതെന്ന് ദുബായ് പൊലീസിലെ സെക്യൂരിറ്റി ഇൻഫോർമേഷൻ ഡിപാർട്ട്മെന്റ് ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു. 

17–ാം നിലയിൽ നിന്നുള്ള ആകാശദൃശ്യം ഉൾപ്പെടുത്തിയുള്ള സെൽഫിക്ക് ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കസേരയിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി പെൺകുട്ടി താഴേക്ക് വീഴുന്നത് സഹോദരി കാണുകയും ചെയ്തു. സെൽഫി എടുത്ത മൊബൈൽ ഫോൺ ബാൽക്കണിയിലേക്ക് വീഴുകയും പെൺകുട്ടി താഴേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ മരണവും സംഭവിച്ചുവെന്നും കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു.

ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ജനങ്ങൾ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇത്തരം അപകടകരമായ പ്രവർത്തികളിൽ നിന്നും വിലക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ‘വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ഞങ്ങൾ എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്നത് ദാരുണമായ മറ്റൊരു അപകടമാണ്. കേവലം 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് ഒരു സെൽഫി കാരണമാണ്. സൂക്ഷിക്കുക’–കേണൽ വ്യക്തമാക്കി.