കെവിന്‍ വധക്കേസ്: എഎസ്ഐയും ഡ്രൈവറും കൈക്കൂലി വാങ്ങി, അറസ്റ്റിൽ

കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് ഇരുവരും കൈക്കൂലി കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം കുറ്റകൃത്യത്തില്‍ ഇരുവര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. കേസിലെ മുഖ്യപ്രതി സാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെ  പൊലീസ് നാല് ദിവസം കസ്റ്റഡിയില്‍ വാങ്ങി.  അതേസമയം, കെവിന്‍  കൊലപാതകകേസില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു നാലാഴ്ചക്കകം മറുപടി നല്‍കണം. കെവിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കമ്മിഷന്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി പട്രോളിങ് സ്ക്വാഡിലുണ്ടായിരുന്നു എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെവിനെ തട്ടികൊണ്ടുപോകാനെത്തിയ സാനുവിനെയും സുഹൃത്ത് ഇഷാനെയും പിടികൂടി വിട്ടയച്ചത് എഎസ്ഐ ബിജുവാണ്. സാനുവിന്‍റെ  വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റ് മറച്ച നിലയിലായിരുന്നു. ഒപ്പം ഇരുവരും മദ്യപിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കാതിരിക്കാനാണ് എഎസ്ഐ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്. കെവിനെ തട്ടിക്കൊണ്ടുപോകാനാണ് സാനു എത്തിയതെന്ന് എഎസ്ഐ അറിഞ്ഞിരുനില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

അനീഷിന്‍റെ വീട്ടിലെത്തി എഎസ്ഐ അക്രമികളെ തിരിച്ചറിയുകയും വിവരം ഗാന്ധിനഗര്‍ സ്റ്റേഷനിലും തെന്‍മല എസ്ഐയെയും അറിയിച്ചു. ഗാന്ധിനഗര്‍ എസ്ഐയെ വിളിച്ചുവെങ്കിലും അദ്ദേഹം ഫോണെടുത്തില്ല. എസ്ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.