ആദിവാസി യുവാവ് മരിച്ചത് മർദനമേറ്റ്, നാലുവാരിയെല്ലുകൾക്ക് പൊട്ടൽ

പത്തനംതിട്ട റാന്നി അടിച്ചിപ്പുഴയിലെ ആദിവാസി യുവാവിന്റെത് സ്വാഭാവിക മരണമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതുശരിവക്കുന്നതാണ് പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും. 

അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ബാലുവിന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇടതുവശത്തെ വാരിയെല്ലുകളില്‍ നാലെണ്ണം പൊട്ടിയിട്ടുണ്ടെന്നും  കണ്ടെത്തി. പുറത്തും കഴുത്തിലും സാരമായ ക്ഷതമേറ്റു. മര്‍ദ്ദനമേറ്റതാണ്  മരണകാരണം എന്നാണ് പൊലീസിന്റേയും ഫൊറന്‍സിക് വിദഗ്ധരുടേയും നിഗമനം. യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ പരാതി. 

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ സമരവുമായി നീങ്ങുകയാണ്. മരണത്തിലെ ദുരൂഹതകണ്ടെത്തണമെന്നാവശ്യപ്പെട്ട് വിവിധരാഷ്ട്രീയപാര്‍ട്ടികളും ബാലുവിന്റെ കുടുംബത്തിന് പിന്തുണനല്‍കി. സി.പി.എം ജില്ലാസെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ബാലുവിന്റെ വീട് സന്ദര്‍ശിച്ചു.  ദുരൂഹസാഹചര്യത്തില്‍ ഞായറാഴ്ച രാവിലെയാണ് അടിച്ചിപ്പുഴയിലെ ഓടയില്‍ തേക്കുംമൂട്ടില്‍ ബാലുവിന്റെ മൃതദേഹം കണ്ടത്.