ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം: ആറു പേർകൂടി പിടിയിൽ

ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തിയ ആറു പേരെ കൂടി മലപ്പുറം തിരൂരില്‍ പൊലീസ് അറസ്റ്റു ചെയ്തു. അക്രമസംഭവത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് എല്ലാവരും. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ്  അറസ്റ്റിലായ പ്രതികളുടെ പങ്ക് പൊലീസിന് വ്യക്തമായത്. 

ഹര്‍ത്താലിനിടെ കലാപത്തിന് ആഹ്വാനം നല്‍കിയവരാണ് അറസ്റ്റിലായ എല്ലാവരും. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലും ഡി.വൈ.എസ്.പിയുടേയും അയ്യപ്പന്‍മാരുടേയും വാഹനങ്ങള്‍ ആക്രമിച്ച കേസിലുമാണ് അറസ്റ്റിലായത്. തിരൂര്‍ കാപ്പിലിങ്ങല്‍ അബ്ദുല്‍ വഹാബ്, ആലിന്‍ചുവട് കല്ലേരി മുഹമ്മദ് അഷ്റഫ്, ആശാരിപ്പടി യാസര്‍ അറാഫത്ത്, ബി.പി. അങ്ങാടി തൊട്ടിയാട്ടില്‍ മൊയ്തീന്‍, ആശാന്‍പടി ജംഷാദ്, മച്ചാന്‍ ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. 

അറുപത് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് അറസ്റ്റിലായ പ്രതികളുടെ പങ്ക് വ്യക്തമായത്. ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെ പകര്‍ത്തിയ  പ്രകടനവും ആക്രമണവും നടത്തുന്നതിന്റെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പൊലീസ് നിരീക്ഷണത്തിലുളള 16 വയസുകാരായ രണ്ട് അഡ്മിന്‍മാരുടെ കാര്യത്തില്‍ വിദഗ്ധമായ നിയമോപദേശം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍.