ഏഴുവയസുകാരന്റെ അസ്ഥിക്കൂടം വീട്ടുവളപ്പിൽ; അമ്മയും മകളും അറസ്റ്റിൽ

ഗുജറാത്തിൽ കുട്ടികളെ കാണാതായ സംഭവത്തിൽ കേസ് വൻവഴിത്തിരിവിലേക്ക്.  കാണാതായ പത്തുകുട്ടികളിൽ ഒരാളുടെ അസ്ഥിക്കൂടം റഷീദ എന്ന സ്ത്രീയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ അങ്ക്​ലേശ്വനർ സ്വദേശിയായ നാൽപതുവയസുള്ള റഷീദ പട്ടേലിനെയും പതിനെട്ട് വയസുള്ള ഇവരുടെ മകൾ മൊഹസീനയെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ വച്ച കേസിൽ പൊലീസ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകക്കേസിലും ഇവർ കുടുങ്ങുന്നത്. റഷീദയുടെ വീടിനുപിന്നിൽ നിന്നാണ് ആൺകുട്ടിയുടെ അസ്ഥികൂടം പൊലീസ് കണ്ടെത്തുന്നത്. 2016മാർച്ചിൽ ഗുരുവാരയിൽ നിന്ന് കാണാതായ ഏഴുവയസുകാരൻ വിക്കി ദേവിപൂജകിന്റെ അസ്ഥികൂടമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റഷീദയെ ചോദ്യം ചെയ്തതിലൂടെ കീടനാശിനി ഉള്ളിൽചെന്നാണ് കുട്ടി മരിച്ചതെന്ന് ഇവർ മൊഴിനൽകി.

തട്ടിക്കൊണ്ടുപോയത് മകനായി വളർത്താൻ

കഴിഞ്ഞ ഒരുവർഷത്തിനിടെയിൽ ഗുജറാത്തിലെ ബരൂച്ചിൽ നിന്ന് പത്ത് ആൺകുട്ടികളെയാണ് കാണാതായത്. ഇതിന് പിന്നിൽ ആരെന്ന് തേടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിെടയിലാണ് കാണാതായ ഒരു കുട്ടി രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തുന്നത്. 2017 നവംബർ 17നാണ് വീട് സമീപം  കളിച്ചുകൊണ്ടിരുന്ന മോഹിത്ത് പാസ്​വാൻ എന്ന എഴുവയസുകാരനെ കാണാതാകുന്നത്. മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.  എന്നാൽ ഇൗ വർഷം മാർച്ച് 16ന് രോഹിത്ത് രക്ഷപ്പെട്ട് വീട്ടിൽ തിരികെയെത്തി. ഒരു മുറിയിൽ തന്നെ ഇത്രയും നാൾ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും ഒരു സ്ത്രീയും മകളും ചേർന്ന് മർദിച്ചിരുന്നതായും കുട്ടി മാതാപിതാക്കളോടും പൊലീസിനോടും വെളിപ്പെടുത്തി.  ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രോഹിത്തിന്റെ  വീടിന് സമീപത്ത് തന്നെയുള്ള റഷീദയും മകളുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വൃക്തമായത്. ഇതെ തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

 പിന്നീട് ഇവരുടെ വീട്ടിൽ നടത്തിയ വിശദപരിശോധനയിലാണ് മുൻപ് കാണാതായ ആൺകുട്ടിയുടെ അസ്ഥിക്കൂടം കണ്ടെത്തുന്നത്. വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിലായിരുന്നു അസ്ഥിക്കൂടം. ശാസ്ത്രീയപരിശോധനയിൽ ഇത് ഗുരുവാരയിൽ നിന്ന് കാണാതായ ഏഴുവയസുകാരൻ വിക്കി ദേവിപൂജകിന്റെ അസ്ഥികൂടമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നിട് റുഷീദയെ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുവന്നതായി ഇവർ സമ്മതിച്ചു. വളർത്താനാണ് തട്ടിക്കൊണ്ടു വന്നതെന്നും വിക്കിയുടെ പേര് ഖാലിദ് എന്ന് മാറ്റിയിരുന്നെന്നും റഷീദ പൊലീസിനോട് സമ്മതിച്ചു. എന്നാൽ പിന്നീട് കുട്ടിയെ വിഷം ഉള്ളിൽ  മരിച്ചതായി ഒരുദിവസം കണ്ടെത്തുകയായിരുന്നു. ഇതെ തുടർന്നാണ് കുട്ടിയെ വീട്ടിന് സമീപം കുഴിയെടുത്ത് മറവ് ചെയ്തതെന്നും റഷീദ പറഞ്ഞു.

  

ഒരു മകൻ വേണമെന്ന ആഗ്രഹമായിരുന്നു റഷീദക്കെന്നാണ് പൊലീസ് പറയുന്നത്. ഇതിനായാണ് ഇവർ ആൺകുട്ടികളെ തട്ടിക്കൊണ്ടു വന്നത്.  ആറുമാസം പ്രയമുള്ളപ്പോൾ റുഷീദയുടെ മകൻ മരിച്ചുപോയിരുന്നു. മകൻ വേണമെന്ന ആഗ്രഹമാണ് കുട്ടികളെ തട്ടികൊണ്ടു വരുന്നതിലേക്ക് ഇവരെ നയിച്ചതെന്നാണ് സൂചന. തന്നെ വയസുകാലത്ത് നോക്കാൻ ഒരുമകൻ വേണമെന്ന് മോഹമായിരുന്നു റഷീദക്കെന്ന് പൊലീസ് പറയുന്നു. ഇവർ മുൻപ് മൂന്നുതവണ വിവാഹിതയായതാണ്. പക്ഷേ മൂന്നുപേരും ഇവരെ ഉപേക്ഷിച്ചു.  ആ ബന്ധങ്ങളിൽ ഇവർക്ക് മരിച്ചുപോയ മകനെ കൂടാതെ രണ്ടുപെൺകുട്ടികളുണ്ട്. ഗുജറാത്തിൽ ആൺകുട്ടികളെ  കാണാതായ മറ്റു കേസുകളിൽ ഇവർക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.