മലപ്പുറം വാഴക്കാട് പൊലീസ് ബോട്ടിന്റെ ഡ്രൈവര്‍ക്ക് മണല്‍ മാഫിയയുടെ വധഭീഷണി

മലപ്പുറം വാഴക്കാട് പൊലീസ് ബോട്ടിന്റെ ഡ്രൈവര്‍ക്ക് മണല്‍ മാഫിയയുടെ വധഭീഷണി. വാഴക്കാട് സ്വദേശി അസ്ക്കര്‍ അലിയേയാണ് മണല്‍ക്കടത്തുസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.

പുഴയില്‍ മണലെടുക്കുന്ന ഭാഗങ്ങളിലും മണല്‍ ഒളിപ്പിച്ചുവച്ച സ്ഥലങ്ങളിലും പൊലീസിനെ എത്തിക്കുന്നതാണ് ഭീഷണിയുടെ കാരണം. വീട്ടിലെത്തി ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ചായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം ‍ടൗണില്‍ വച്ചും ഇതേ സംഘം അസ്ക്കര്‍ അലിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

രണ്ടു വര്‍ഷം മുന്‍പ് അസ്ക്കര്‍ അലിയുടെ വീട് മണല്‍ മാഫിയ അടിച്ചു തകര്‍ത്തിരുന്നു. അനധികൃതമായി മണല്‍ കടത്തുന്ന തോണികളും ലോറികളും പൊലീസ് കാട്ടിക്കൊടുത്തതിലായിരുന്നു വിരോധം. 

കഴിഞ്ഞ വര്‍ഷം വാഴക്കാട് വച്ച് പൊലീസ് ഉദ്യോഗസ്ഥനെ മണല്‍മാഫിയ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു. കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.