പത്തനംതിട്ടയില്‍ അറുപത്തിമൂന്നുകാരന്‍മരിച്ചത് മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരണം

പത്തനംതിട്ടയില്‍ അറുപത്തിമൂന്നുകാരന്‍മരിച്ചത് മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് മകന്റെ മര്‍ദ്ദനമേറ്റ് താഴെവെട്ടിപ്രം ചാ‍ഞ്ഞപാറയ്ക്കല്‍ ചെല്ലപ്പന്‍ മരിച്ചത്. 

തലക്കേറ്റ ക്ഷതവും ക്രൂരമര്‍ദ്ദനവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. മകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ചെല്ലപ്പന്റെ കാല്‍ ഒടിഞ്ഞു. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ട്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായിരുന്ന ചെല്ലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ചെല്ലപ്പന്റെ ഭാര്യ ശ്രമിച്ചെങ്കിലും മകന്‍ ദീപന്‍ ഭീഷണിപ്പെടുത്തിവിലക്കുകയായിരുന്നു. തുടര്‍ന്ന് ദീപന്‍ പുറത്തുപോയസമയത്ത് നാട്ടുകാരുടെ സഹായത്തോടെയാണ് പത്തനംതിട്ട ജനറല്‍ആശുപത്രിയില്‍ എത്തിച്ചത്. ചെല്ലപ്പന്റെ മരണവിവരം അറിഞ്ഞതോടെ ഒളിവില്‍പ്പോയ ദീപനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

മറ്റൊരിവീട്ടില്‍ ഹോം നേഴ്സായി ജോലിചെയ്യുന്ന ചെല്ലപ്പന്റെ ഭാര്യപുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റ് അവശനിലയിലായ ചെല്ലപ്പനെ കണ്ടതും ആശുപത്രിയിലെത്തിച്ചതും. നാട്ടുകാരുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ദീപനെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. മകന്റെ മര്‍ദ്ദനമേറ്റ് തിങ്കളാഴ്ച സന്ധ്യയോടെയാണ്  കൂലിപ്പണിക്കാരനായ ചെല്ലപ്പന്‍മരിച്ചത്്.