സൂര്യനെല്ലിയില്‍ ലഹരി ഡിജെ പാര്‍ട്ടി; മൂന്നു പേർ അറസ്റ്റിൽ

ഇടുക്കി സൂര്യനെല്ലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച് ലഹരി ഡിജെ പാര്‍ട്ടി നടത്തിയ മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എൽഎസ്‍ഡി സ്റ്റാമ്പും കഞ്ചാവും വിദേശനിർമിത സിഗരറ്റുൾപ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടെ 29 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.  

എറണാകുളം ചേരാനെല്ലൂർ സ്വദേശികളായ പ്രമോദ് ലാലു, മുഹമ്മദ് ഷിഹാസ്, കുളത്തിപറമ്പില്‍ ആഷിക് എന്നിവരാണ് സൂര്യനെല്ലി ബിഎല്‍ റാമിലെ ഹോംസ്റ്റേയില്‍ നിന്ന് പിടിയിലായത്. ബിഎല്‍റാം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയില്‍ ലഹരിപാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഉടുമ്പന്‍ചോല എക്സൈസ് സംഘത്തിന്‍റെ പരിശോധന. ഒരു സ്ത്രീ ഉള്‍പ്പെടെ 29 പേരാണ് എക്സൈസ് സംഘം എത്തുമ്പോള്‍ ഹോംസ്റ്റേയില്‍ ഉണ്ടായിരുന്നത്. 

ഹോംസ്റ്റേ വളഞ്ഞ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. പ്രമോദ് ലാലു, മുഹമ്മദ് ഷിഹാസ് എന്നിവരില്‍ നിന്നാണ് 20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുതത്ത്. ആഷിക്കില്‍ നിന്ന് നൂറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുന്തിയ ഇനം വിദേശമദ്യവും വിദേശ നിര്‍മിത സിഗരറ്റുകളുടെ വന്‍ ശേഖരവും കണ്ടെത്തി.  പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പിന് രാജ്യാന്തര വിപണിയിൽ 10 ലക്ഷം രൂപ വിലവരും.

അറസ്റ്റിലായ പ്രമോദ് ലാലുവും മുഹമ്മദ് ഷിഹാസും പ്ലംമ്പിങ്, ടൈല്‍ ജോലിക്കാരാണ്. മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ് പിടിയിലായ ആഷിക്. അറസ്റ്റിലായ പ്രതികൾ ഓൺലൈൻ വഴിയാണ് മറ്റുള്ള ഇടപാടുകാരെ കണ്ടെത്തിയത്. ഹോംസ്റ്റേയും ഓണ്‍ലൈനായി ബുക്ക് ചെയ്തു. പാര്‍ട്ടിക്കെത്തിയവരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവാരണെന്നും അന്വേഷണത്തില്‍ വ്യക്തമായി. മൂന്നാർ സ്വദേശിയിൽ നിന്നാണ് എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവും വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ ഇത് എക്സൈസ് സംഘം വിശ്വസിച്ചിട്ടില്ല. കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ലഹരിമാഫിയ പാര്‍ട്ടികള്‍ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് എക്സൈസിന്‍റെ തീരുമാനം.