വാച്ചുകളിൽ നാലു ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചു കടത്തിയയാൾ പിടിയില്‍

രണ്ടു വാച്ചുകളിലായി നാലു ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചു കടത്തിയ യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. വാച്ചിനുള്ളിൽ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കരിപ്പൂരിൽ വിമാനം ഇറങ്ങിയ മുഴുവൻ യാത്രക്കാരുടേയും വാച്ച് പരിശോധിച്ചു. 

 കോഴിക്കോട് അരൂർ സ്വദേശി മുനീറാണ് കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. വാച്ചുകളുടെ യന്ത്രത്തിന്റെ ലോഹ സുരക്ഷയുടെ രൂപത്തിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഒരു വാച്ചിനുള്ളിൽ ഏഴു പവൻ സ്വർണം ഒളിപ്പിച്ചു വച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന് മുനീറിന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ചാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയിരുന്നത്. വാച്ചിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ ബാഗേജും വിശദമായി പരിശോധിച്ചു. 

ബാഗിലുണ്ടായിരുന്ന വാച്ചിലും സ്വർണം കണ്ടെത്തി. രണ്ടു വച്ചുകളിൽ നിന്നായി നാലു ലക്ഷം രൂപ മൂല്യമുള്ള സ്വർണം കണ്ടെടുത്തു.ഒട്ടേറെ യാത്രക്കാർ വാച്ചുകൾക്കുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ മുഴുവൻ യാത്രക്കാരുടെയും വാച്ചുകൾ കസ്റ്റംസ് ഇന്റലിജന്റ്സ് പരിശോധിക്കുന്നുണ്ട്. നെടുമ്പാശേരിയിലെ കസ്റ്റംസ് ഇന്റലിജൻസ് ആണ് വാച്ചിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നുണ്ടെന്ന വിവരം കരിപ്പൂരിലേക്ക് കൈമാറിയത്.