പ്രകൃതിചികിൽസയിൽ പിഴവില്ല; പ്രസവത്തെതുടർന്ന് മരണത്തിൽ പരാതിയില്ലാതെ ബന്ധുക്കൾ

പ്രസവത്തെ തുടര്‍ന്ന് മലപ്പുറം മഞ്ചേരിയിലെ പ്രകൃതി ചികില്‍സാലയത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അടച്ചു പൂട്ടുന്നത് അടക്കമുളള നടപടി വേണമെന്ന് ഡി.എം.ഒയുടെ ശുപാര്‍ശ. എന്നാല്‍ ചികില്‍സാ പിഴവില്ലെന്ന വാദവുമായി മരിച്ച യുവതിയുടെ ബന്ധുക്കളും സ്ഥാപന ഉടമയും രംഗത്തെത്തി.

പുത്തനത്താണി വെട്ടിച്ചറി സ്വദേശിയായ ഇരുപത്തിമൂന്നുകാരി പ്രസവം നടന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് മഞ്ചേരിയിലെ ഏറനാട് ആശുപത്രിയുടെ ഭാഗമായ പ്രകൃതി ചികില്‍സകേന്ദ്രത്തില്‍ മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ വീഴ്ച കണ്ടതിനെത്തുടര്‍ന്ന് പ്രകൃതിചികില്‍സാലയം പൂട്ടി സീല്‍ ചെയ്തു. 

പ്രസവത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവാത്തതാണ് മരണകാരണമെന്നാണ് നിഗമനം.  പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുളളവര്‍ പ്രസവം നേരില്‍ കണ്ടിരുന്നു. ആശുപത്രിക്കെതിരെ പരാതിയില്ലെന്ന് കുടുംബം പറയുന്നു. നിയമാനുസൃതമായ രേഖകളോടെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നാണ് നടത്തിപ്പുകാരന്റെ വാദം. പ്രകൃതി ചികില്‍സാലയത്തിന് എതിരെ നിയമനടപടിക്കൊപ്പം ആശുപത്രിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്നും ഡി.എം.ഒയുടെ റിപ്പോര്‍ട്ടിലുണ്ട്.