ചെർപ്പുളശേരി ചളവറയിൽ രാത്രി കാല കവർച്ച വർധിക്കുന്നു

പാലക്കാട് ചെർപ്പുളശേരി ചളവറയിൽ രാത്രി കാല കവർച്ച വർധിക്കുന്നു. തൂമ്പായ ഗണപതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു. 10 ദിവസത്തിനിടെ ഇത് മൂന്നാമത്തെ സ്ഥലത്താണ് കവർച്ച നടക്കുന്നത്. 

ചെർപ്പുളശേരി ചളവറ തുമ്പായ ഗണപതി ക്ഷേത്രത്തിലെ ശിവൻ, ഗണപതി ശ്രീകോവിലുകൾക്കു മുന്നിലുള്ള സ്റ്റീൽ ഭണ്ഡാരങ്ങൾ തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. ഭണ്ഡാരത്തിലെ കറൻസി നോട്ടുകൾ മാത്രം എടുക്കുകയും നാണയങ്ങൾ അവിടെ തന്നെയിടുകയും ചെയ്ത നിലയിലാണ്. പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവർച്ച നടന്നത് മനസ്സിലായത്.

ചെർപ്പുളശ്ശേരി എസ്ഐ രമേശിന്റെനേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.10 ദിവസം മുമ്പ് ക്ഷേത്രത്തിനു സമീപത്തെ രണ്ട് വീടുകളുടെ വാതിൽ തകർത്ത് കവർച്ച നടത്തിയിരുന്നു. ഒരു വീട്ടിൽ നിന്ന് ഒരു പവൻ സ്വർണ്ണവും മറ്റൊരു വീട്ടിൽ നിന്ന് വാച്ചും 500 രൂപയും നഷ്ടപ്പെട്ടിരുന്നു. രണ്ടു വീടുകളുടെയും വാതിൽ തകർത്താണ് കവർച്ച നടത്തിയത്. തുടരുന്ന രാത്രികാല കവർച്ചയിൽ ജനങ്ങൾ ആശങ്കയിലാണ്.