വലതുകാൽവയ്ക്കും മുമ്പേ കാർ ചോദിച്ചു, പിന്നീട് സംഭവിച്ചത്

വലതുകാൽവയ്ക്കും മുമ്പേ വരൻ ആവശ്യപ്പെട്ടത് കാർ. കാർ വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ താക്കോൽ ആവശ്യപ്പെട്ടു. വൈകിട്ട് വീടുകാണൽ ചടങ്ങിനെത്തി കാറിനെച്ചൊല്ലി തർക്കം മൂത്തതോടെ വധു ബന്ധുക്കളോടൊപ്പം മടങ്ങി. പോത്തൻകോട്ടാണ് സീരിയൽകഥയെവെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. തർക്കം മുറുകിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. 

വരൻ കൊയ്ത്തൂർക്കോണം മണ്ണറയിൽ പ്രണവിനെ (30) പോത്തൻകോട് പൊലീസ് സ്ത്രീധന നിരോധനനിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊല്ലം പരവൂർ സ്വദേശിനിയായ പെൺകുട്ടിയുമായിട്ടായിരുന്നു പ്രണവിന്റെ വിവാഹം.

വിവാഹശേഷം വീട്ടിലെത്തിയ ഉടനെ കാർ ആവശ്യപ്പെടുകയായിരുന്നു. കാർ തന്റെ വീട്ടിലുണ്ടെന്നും ഭർത്താവിന്റെ വീട്ടിൽ കാർ ഇടാൻ സൗകര്യമില്ലാത്തതിനാലാണു കൊണ്ടു വരാത്തതെന്നും പെൺകുട്ടി പറഞ്ഞു. എങ്കിൽ കാറിന്റെ താക്കോൽ വേണമെന്നായി വീട്ടുകാർ. വൈകിട്ട് വീടുകാണൽ ചടങ്ങിനു ബന്ധുക്കൾ എത്തിയപ്പോൾ പെൺകുട്ടി വിവരം ധരിപ്പിച്ചു.

ഇതോടെ ഇരുകൂട്ടരും തമ്മിൽ ബഹളമായി. ബന്ധുക്കളോടൊപ്പം വധു മടങ്ങി. പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു പ്രണവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരന്റെ സഹോദരനും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്.