പരാതിപ്പെട്ടത് മോര്‍ഫ് ചെയ്ത വിഡിയോയെക്കുറിച്ചല്ല: കെകെ ശൈലജ

തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എല്‍.‍ഡി.എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ. ഫോട്ടോ പതിച്ചതും മോശം പരാമര്‍ശങ്ങളടങ്ങിയതുമായ പോസ്റ്റുകളാണ് പ്രചരിപ്പിച്ചത്. യു.ഡി.എഫ് നേതൃത്വത്തിന്റ അറിവോടെയാണിതെന്നും കൂടുതല്‍ തെളിവുകള്‍ ഇലക്ഷന്‍ കമ്മീഷന് കൈമാറുമെന്നും ശൈലജ മനോരമ ന്യൂസിനോട് പറ‍ഞ്ഞു.   

യു.ഡി.എഫ് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് കെ കെ ശൈലജ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. നാലുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയടക്കം രണ്ടുപേരെ അറസ്റ്റും ചെയ്തു. എന്നാല്‍ കെ കെ ശൈലജയുടെ പി.ആര്‍ ടീം പടച്ചുവിട്ട നുണയാണിതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിരുന്നു വീഡിയോ ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന ശൈലജയുടെ മറുപടി 

പ്രതിപക്ഷ നേതാവിന്റ പ്രതികരണം വന്നതോടെ  നേതൃത്വത്തിന്റ അറിവോടെയാണ് അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിച്ചതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും ശൈലജ. ഇക്കാര്യത്തില്‍ പൊലീസിന്റ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. ന്യൂനപക്ഷ വോട്ടുകളില്‍ ആശങ്കയില്ലെന്നും കൃത്യമായ നിലപാടുള്ളവരാണ് അവരെന്നും ശൈലജ പറഞ്ഞു.

kk shailaja reaction

Enter AMP Embedded Script