എം.വി.ബാലകൃഷ്ണന്‍റെ പ്രചാരണ വിഡിയോയ്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

കാസർകോട്ടെ എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന്‍റെ പ്രചാരണ വിഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തളങ്കരയിലേക്ക് പോകുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതും, കയ്യിലെ ചരട് മുറിയ്ക്കുന്നതും, കുറി മായ്ക്കുന്നതുമാണ് വിഡിയോയിൽ. വിഡിയോ മണ്ഡലത്തിലെ മതസൗഹാർദ്ദത്തെ തകർക്കുമെന്നാണ് യു.ഡി.എഫ് ആരോപണം.  

എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ , കല്ല്യാശേരി എം.എൽ.എ എം.വിജിൻ എന്നിവർ ഫേസ് ബുക്കിൽ വീഡിയോ പങ്കുവച്ചു. ഇടത് സൈബറിടങ്ങളും വിഡിയോ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പിന്നാലെ അപകടം മനസ്സിലാക്കി എം.വി.ബാലകൃഷ്ണനും, സി.എച്ച്.കുഞ്ഞമ്പുവും വിഡിയോ പിൻവലിച്ചു. എന്നാൽ വിഷയം യുഡിഎഫ് ഏറ്റെടുത്തു. 

വീഡിയോയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് രമേശ്‌ ചെന്നിത്തല. വീഡിയോ വിവാദമായതോടെ മുസ്‌ലിം വോട്ടുകളിൽ ചോർച്ചയുണ്ടാകുമോ എന്ന ആശങ്ക എൽ.ഡി.എഫ് ക്യാംപിനുണ്ട്.

Enter AMP Embedded Script