അടൂർ പ്രകാശിന് വേണ്ടി ബിജു രമേശ് വോട്ടർമാർക്ക് പണം നൽകുന്നെന്ന് എല്‍ഡിഎഫിന്‍റെ പരാതി

Biju-Rames
SHARE

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വേണ്ടി ബാറുടമ ബിജു രമേശ് വോട്ടർമാർക്ക് പണം നൽകുന്നു എന്നാരോപിച്ച് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടർമാർക്ക് പണം നൽകുന്നു എന്നാരോപിച്ച് അരുവിക്കര വടക്കേമലയിൽ ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ തടഞ്ഞിരുന്നു. ബിജു രമേശിന്റെ നേതൃത്വത്തിൽ പണം കൊടുത്ത് വോട്ട് വാങ്ങിയാണ് കഴിഞ്ഞതവണ അടൂർ പ്രകാശ് വിജയിച്ചത്. ഈ തന്ത്രം ഇത്തവണ പ്രയോഗിക്കാൻ ശ്രമിച്ചാൽ ശക്തമായി കൈകാര്യം ചെയ്യുമെന്ന്  എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് മനോരമ ന്യൂസിനോട് പറഞ്ഞു. ആരോപണങ്ങൾ ബിജു രമേശ് നിഷേധിച്ചു.

പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങവേ  ബലാബല പോരാട്ടം നടക്കുന്ന ആറ്റിങ്ങലിൽ വോട്ടിന് നോട്ട് വിവാദം. ബാറുടമയും യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്‍റെ ബന്ധവുമായ ബിജു രമേശിനെ അരുവിക്കര വടക്കേ മലയിൽ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ തടഞ്ഞു. പ്രദേശത്ത് വോട്ടർമാർക്ക് പണം നൽകാനാണ് ബിജു രമേശ് എത്തിയത് എന്നായിരുന്നു ആരോപണം. പോലീസ് എത്തിയാണ് പ്രദേശത്തുനിന്ന് ബിജു രമേശിനെ മാറ്റിയത്. പിന്നാലെ ഇടതുമുന്നണി  പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയും ബന്ധവും ശ്രമിക്കുന്ന ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബിജു രമേശിന്‍റെ വാഹനത്തിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ല. എന്നാൽ പണം ബിജു രമേഷ് നേരിട്ട് നൽകില്ല എന്ന് എല്ലാവർക്കും അറിയാമെന്നും പണം വിതരണം ചെയ്യാനുള്ള ഡീല്‍ ഉറപ്പിക്കാൻ ആണ് ബിജു രമേശ് എത്തിയതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ആരോപിച്ചു. 

ബിജു രമേശിന്‍റെ നേതൃത്വത്തിൽ പണം നൽകി വോട്ട് വാങ്ങിയാണ് അടൂർ പ്രകാശ് കഴിഞ്ഞതവണ വിജയിച്ചത്. ഇതേ തന്ത്രം ഇത്തവണ ആവർത്തിക്കാൻ ശ്രമിച്ചാൽ തടയുമെന്നും അതിനായി പ്രത്യേക സ്ക്വാഡിനെ തന്നെ എൽഡിഎഫ് നിയോഗിച്ചിട്ടുണ്ടെന്നും വി ജോയ് പറഞ്ഞു. ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് ബിജു രമേശ്. തൻറെ ബിസിനസുമായി ബന്ധപ്പെട്ട് ഒരാളെ കാണാൻ ആണ് താൻ വടക്കേമലയിൽ പോയതെന്നും തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല എന്നും ബിജു രമേശ് പറഞ്ഞു. 

MORE IN KERALA
SHOW MORE