വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം; നട്ടംതിരിഞ്ഞ് കുടുംബം; ആത്മഹത്യ ഭീഷണി

ചേർത്തലയിൽ വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചതോടെ വീടു നിർമാണത്തിനുള്ള വസ്തുക്കൾ എത്തിക്കാനാകാതെ ഒരു കുടുംബം . കൊടിമരം നീക്കി തരണമെന്ന അഭ്യർഥന നടത്തിയിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെ കൊടിമരത്തിനുസമീപമുള്ള കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ. ചേർത്തല വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. 

പുന്നപ്ര-വയലാർ സമര വാർഷികത്തിന് താൽക്കാലികമായി സ്ഥാപിക്കുന്നു എന്നു പറഞ്ഞാണ് പുരുഷോത്തമൻ്റെ വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചത്. പാർട്ടി അനുഭാവികൾ ആയതിനാലാണ് കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകിയത്. കൊടിമരം സ്ഥാപിക്കുന്നതിന് മുൻപ് വീടിൻ്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു. കൊടിമരം നിൽക്കുന്നതിനാൽ ഇപ്പോൾ നിർമാണ വസ്തുക്കൾ എത്തിക്കാനാകാതെ വന്നതോടെ വീട് നിർമാണം മുടങ്ങി. താൽക്കാലികമായി സ്ഥാപിച്ച കൊടിമരം ചില പാർട്ടി പ്രവർത്തകർ കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി മുതൽ താഴോട്ടുള്ള എല്ലാ ഘടകത്തിലും പൊലിസിലും പരാതി നൽകിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥൻ പുരുഷോത്തമൻ കൊടിമരം സ്ഥാപിച്ചിരിക്കുന്നതിനോട് ചേർന്നുള്ള കെട്ടിടത്തിൽ കയറിയത്. 

വഴിയിൽ കൊടിമരം നിൽക്കുന്നത് കാരണം വീട് നിർമ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം പറയുന്നു. ഒരു സിപിഎം കൗൺസിലറാണ് കൊടിമരം മാറ്റാതിരിക്കാൻ ശ്രമം നടത്തുന്നതെന്നാണ് ആരോപണം .കൊടിമരം മാറ്റുവാൻ എട്ട് മാസമായി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ടെന്ന് കുടുംബം പറയുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയ പുരുഷോത്തമനെ പൊലിസ് അനുനയിപ്പിച്ചു താഴെയിറക്കി. മധ്യസ്ഥ ശ്രമം നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് പൊലിസ് നിർദേശിച്ചിരിക്കുന്നത്. 

CPM troubles a family in Cherthala.

Enter AMP Embedded Script