ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ചെന്ന പരാതി; വധശ്രമത്തിന് കേസ്

സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ചെന്ന പരാതിയിൽ കൊല്ലം ഇൗസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസ്. അതേസമയം കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സെയ്ദലി മന:പൂർവം കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. തിരുമുല്ലവാരത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് കേസിനാസ്പദമായത് നടന്നത്. 

ചാനല്‍ ചര്‍ച്ച കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് സംസാരിച്ച് വരുമ്പോള്‍ കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്ന് ആരോപണവിധേയരായ യുവാക്കള്‍ പറഞ്ഞു. ബോധപൂര്‍വം അല്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന കാറുടമ പറയുന്നത്. 

  

Case on Chintha Jerome accident case