പാലക്കാട് കുമ്പിടിയിൽ മര മില്ലില്‍ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം

പാലക്കാട് ആനക്കര കുമ്പിടിയിൽ മര മില്ലില്‍ തീപിടിത്തം. പുലര്‍ച്ചെയുണ്ടായ തീപിടിത്തം സമീപത്തെ കെട്ടിടങ്ങളിലേക്കും പടര്‍ന്നു. നാല് യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം പരിശ്രമി‌ച്ചാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

കുമ്പിടി സ്വദേശി ശ്രീധരൻ നായരുടെ ഉടമസ്ഥതയിലുള്ള മര മില്ലിലാണ് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. മില്ലിനോട് ചേർന്നുള്ള ആനക്കര പന്നിയൂർ സ്വദേശി ബാബുവിന്റെ മരപ്പണിശാലയാണ് പൂര്‍ണമായും കത്തി നശിച്ചത്. നിർമാണം പൂർത്തിയായ ഫര്‍ണീച്ചറുകള്‍, യന്ത്രങ്ങള്‍, മരങ്ങള്‍ ഉൾപ്പെടെയാണ് പൂർണമായും കത്തിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മരമില്ലിനോട് ചേർന്നുള്ള കെട്ടിടത്തിലേക്കും തീപടർന്നു. 

പൊന്നാനി, പട്ടാമ്പി, കുന്നംകുളം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിശമനസേനയാണ് നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചത്. തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. മരമില്ലിനോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ സഹായമായി. ചായക്കടകളിലെ ഗ്യാസ് സിലിണ്ടറുകൾ വേഗത്തില്‍ മാറ്റി. സമീപത്തെ കിണറുകളിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് തീകെടുത്താനുള്ള ശ്രമങ്ങളും ആദ്യഘട്ടത്തിലുണ്ടായി. 

Fire at wood mill in Palakkad: loss of lakhs

Enter AMP Embedded Script