ഒടിപി ലഭിക്കാന്‍ കൊടുത്ത നമ്പര്‍ ചതിച്ചു; വയോധികയെ കൊലപ്പെടുത്തിയ പ്രതികള്‍ കുടുങ്ങിയതിങ്ങനെ

adimali-murder-case
SHARE

ഇടുക്കി അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച മാല അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതാണ് പ്രതികള്‍ കുടുങ്ങാന്‍ കാരണം. തെറ്റായ വിവരങ്ങളാണ് നല്‍കിയതെങ്കിലും പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പറാണ് പ്രതികളെ കുടുക്കിയത്. 

വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് പ്രതികളായ അലക്സും കവിതയും അടിമാലിയിലെത്തിയത്. ഫാത്തിമ കാസിമിന്‍റെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകൽ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയത്. സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനായി മുറിക്കുള്ളിൽ മുളക് പൊടി വിതറിയിരുന്നു. 

മോഷണ മുതൽ അടിമാലിയിൽ പണയം വച്ചതിന് ശേഷം പ്രതികൾ പാലക്കാട്ടേക്ക് തിരികെ പോയി. തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  പാലക്കാട്‌ നിന്നും അടിമാലിയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Adimali Murder Case

MORE IN KERALA
SHOW MORE