റോഡിലെ കേബിള്‍ കുരുക്ക് അപകടക്കെണിയായി; ബൈക്ക് യാത്രികന്‍ തെറിച്ചുവീണു

കൊച്ചിയില്‍ വീണ്ടും അപകടക്കെണിയൊരുക്കി കേബിള്‍ കുരുക്ക്. വെണ്ണലയില്‍ റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിള്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മരട് സ്വദേശി കോട്ടയത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തിങ്കള്‍ രാത്രി എട്ടേമുക്കാലിന് വെണ്ണല ചന്തയ്ക്ക് മുന്നിലായിരുന്നു ദാരുണമായ അപകടം. മരട് സ്വദേശിയായ അനില്‍കുമാര്‍ വെല്‍ഡിങ് ജോലി കഴിഞ്ഞ് വെണ്ണലയിലെ വാടകവീട്ടിലേക്ക്  പോകുംവഴിയായിരുന്നു അപകടം. പോസ്റ്റില്‍നിന്ന് തൂങ്ങിക്കിടന്ന കേബിള്‍ ബൈക്കില്‍ കുരുങ്ങി. നിയന്ത്രണം തെറ്റി മറിഞ്ഞ ബൈക്കില്‍നിന്ന് അനില്‍കുമാര്‍ തെറിച്ചുവീണു. രക്തത്തില്‍ കുളിച്ചുകിടന്നയാളെ ഉടന്‍തന്നെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തലയ്ക്കേറ്റ പരുക്ക് ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. കോട്ടയത്തേക്ക് രാത്രിതന്നെ കൊണ്ടുപോയെങ്കിലും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാനായില്ല. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിന് സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ ചെലവ് താങ്ങാനാകില്ല.

കേബിള്‍ കുരുക്ക് ഒഴിവാക്കാന്‍ ഹൈക്കോടതി തന്നെ ഇടപെട്ടിട്ടും കൊച്ചിയിലെ സ്ഥിതിക്ക് മാറ്റമില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ കൊച്ചിയില്‍ അഞ്ചുപേര്‍ക്കാണ് കേബിള്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റത്.

Biker fell down due to tangled cable on the road

Enter AMP Embedded Script