ജീവന്‍ തുടിക്കുന്ന ശില്‍പങ്ങൾ; കാഴ്ച്ചക്കാരുടെ ചിന്തയെ ഉണര്‍ത്തി കൊച്ചി ആര്‍ട് എക്സ്പോ

കാഴ്ച്ചക്കാരുടെ ചിന്തയെ ഉണര്‍ത്തി കൊച്ചി ആര്‍ട് എക്സ്പോ. 29 മുതിര്‍ന്ന കലാകാരന്മാരാണ് മട്ടാഞ്ചേരിയില്‍ കൊച്ചി ആര്‍ട് എക്സ്പോയെന്ന പേരില്‍ ചിത്ര–ശില്‍പ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. അറുപതോളം ചിത്ര–ശില്‍പങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 

ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍, ഒരൊറ്റ നോട്ടത്തില്‍ ചിന്തയെ ഉണര്‍ത്തുന്ന ഒരു പിടി ചിത്രങ്ങള്‍. വിഷയങ്ങളുടെ വേലിക്കെട്ടുകള്‍ക്കുമപ്പുറം കാന്‍വാസില്‍ ജീവിതവും, പ്രകൃതിയുമെല്ലാമുണ്ട്. വരയുടെ ഭാഷയ്ക്ക് അതിര്‍ത്തികളില്ലാത്തതിനാല്‍ വിദേശികളടക്കുള്ള ആസ്വാദകര്‍ പ്രദര്‍ശനം കാണാന്‍ എത്തുന്നുണ്ട്. കേരളത്തിലെ വിവിധ ചിത്രകലാ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്ന മുതിര്‍ന്ന കലാകാരന്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ആര്‍.എല്‍.വി ഫ്രണ്ട്സ് എന്ന ആര്‍ട്സ് ഗ്രൂപ്പാണ്  ഉദ്യമത്തിന് പിന്നില്‍.

ആസ്വാദകര്‍ക്ക് ചിത്രങ്ങള്‍ വാങ്ങാനും, കലാകാരന്മാരുമായി സംവദിക്കാനും അവസരമുണ്ട്. പ്രദര്‍ശനത്തിനൊപ്പമുള്ള ലൈവ് പെയിന്‍റിംഗും ആകര്‍ഷകമാണ്.  മട്ടാഞ്ചേരി നിര്‍വാണ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ഡിസംബര്‍ 1‌‌ന് സമാപിക്കും.