അവശയായി യുവതിയെ കണ്ട വനിതാ പൊലീസിന്റെ സംശയം; നിര്‍ണായകം

പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസിന് എളുപ്പം മനസിലായിരുന്നു.  ഫ്ലാറ്റിലുള്ളവരെയെല്ലാം ചോദ്യം ചെയ്തിരുന്നു. അവിടെ മാതാപിതാക്കള്‍ക്കൊപ്പം ക്ഷീണിതയായി യുവതിയെ കണ്ട വനിതാ പൊലീസിന് സംശയം തോന്നിയിരുന്നു. ഗര്‍ഭിണികളാരും ഫ്ലാറ്റിലുണ്ടായിരുന്നില്ലെന്ന് മറ്റ് താമസക്കാര്‍ പറഞ്ഞെങ്കിലും വനിതാ പൊലീസിന്റെ സംശയം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 

ഏഴു നിലകളിലും റോഡിലേക്ക് ബാല്‍ക്കണിയുള്ള ഫ്ലാറ്റുകളില്‍ പൊലീസ് വീണ്ടും പരിശോധിച്ചു. യുവതിയുടെ ഫ്ലാറ്റിലും പൊലീസ് വീണ്ടുമെത്തി. മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ തന്നെ മനസിലായി അവര്‍ക്കൊന്നും അറിയില്ലായിരുന്നെന്ന്.  യുവതിയെ ക്ഷീണിച്ചവശയായ നിലയില്‍ കണ്ടെങ്കിലും അവരുമായി സംസാരിച്ചില്ല. കൂടുതല്‍ തെളിവുകള്‍ കിട്ടാനായിരുന്നു പിന്നീട് പൊലീസിന്റെ ശ്രമം. മാത്രമല്ല യുവതി സ്വയം നശിപ്പിക്കാനുള്ള ശ്രമമൊന്നും നടപ്പാക്കാതിരിക്കാന്‍ വളരെ കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍. 

ഇതിനിടെയാണു കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കുറിയറിലെ ബാർ കോഡ് സ്കാൻ ചെയ്യാൻ പൊലീസിനു സാധിക്കുന്നതും വിലാസം യുവതിയുടെ പിതാവിന്റേതാണ് എന്നു മനസ്സിലാകുന്നതും. തുടർന്നാണു യുവതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ തന്നെ യുവതി സംഭവിച്ച കാര്യങ്ങൾ തുറന്നു പറ‍ഞ്ഞു. കാര്യങ്ങൾ കേട്ട മാതാപിതാക്കൾ തകർന്നു പോയി എന്നാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്.

വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രസവിച്ച യുവതി 8.11നാണ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് എറിയുന്നത്. 8.20ന് കുഞ്ഞിന്റെ മൃതദേഹം റോഡിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്മെന്റിലെ ഫ്ലാറ്റുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.

Kochi Panampilly nagar infant death case

Enter AMP Embedded Script