തൊണ്ണൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം; വേങ്ങൂര്‍ പഞ്ചായത്തില്‍ ആശങ്ക

പെരുമ്പാവൂരിന് സമീപം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ആശങ്ക പടർത്തി മഞ്ഞപ്പിത്തം പടരുന്നു. ഇതിനകം തൊണ്ണൂറിലധികം പേർക്കാണ് പ്രദേശത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിൽ നാലുപേരുടെ നില ഗുരുതരമാണ്. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയിൽനിന്ന് കുടിവെള്ളം ഉപയോഗിച്ചവർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.

കഴിഞ്ഞ 17നാണ് വേങ്ങുരിൽ മഞ്ഞപ്പിത്തത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുളള ദിവസങ്ങളിൽ കൂടുതൽപേർക്ക് അസുഖം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ തൊണ്ണൂറ്റിയൊന്നുപേർ.

വക്കുവള്ളിയിലെ ജലസംഭരണി രോഗബാധയുടെ ഉറവിടമെന്നാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട്. ജല വിതരണക്കുഴലുകളിലെ ചോർച്ചകളിൽനിന്ന് കുടിവെള്ളത്തിൽ മാലിന്യം കലരാനിടയുള്ള സാഹചര്യമടക്കം വെള്ളിയാഴ്ച പഞ്ചായത്ത് ഓഫീസിൽ സർവകക്ഷിയോഗം വിലയിരുത്തി. നാട്ടുകാർ ആശങ്കയിലാണ്.  മഞ്ഞപ്പിത്തത്തിന്റെ പശ്ചാത്തലത്തിൽ വക്കുവള്ളിയിലെ ജലസംഭരണിയുൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകളും സൂപ്പർ ക്ലോറിനേറ്റ് ചെയ്തു. രോഗം കൂടുതൽ പടരുന്ന സ്ഥിതി ഒഴിവായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Perumbavoor jaundice issue