വന്‍പലിശ വാഗ്ദാനം നടത്തി തട്ടിപ്പ്; പൂരം ഫിൻസെർവിനെതിരെ കേസ്

തൃശൂരില്‍ വന്‍പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വരൂപിച്ച് പണം തിരിച്ചുനല്‍കാതെ തട്ടിപ്പ്.  പൂരം ഫിന്‍സെര്‍വ് ധനകാര്യ സ്ഥാപനത്തിന് എതിരെ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പക്ഷേ, ഡയറക്ടര്‍മാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.  

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് പൂരം ഫിന്‍സെര്‍വ്. പന്ത്രണ്ടു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടി. കഴിഞ്ഞ പതിനെട്ടു മാസമായി ഈ നിക്ഷേപം തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടപാടുകാര്‍ ആരോപിച്ചു. മുതലുമില്ല, പലിശയുമില്ല. മകളുടെ വിവാഹ ആവശ്യത്തിനും മറ്റുമായി പണം നിക്ഷേപിച്ചവര്‍ ഒട്ടേറെയുണ്ട്. ആയിരത്തോളം നിക്ഷേപകര്‍ക്കു പണം തിരിച്ചു കിട്ടാനുണ്ടെന്ന് ഇടപാടുകാരുടെ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഡയറക്ടര്‍മാരുടെ സ്വത്തുവകകള്‍ കണ്ടുക്കെട്ടാന്‍ നിക്ഷേപകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 

നിക്ഷേപതുക തിരിച്ചുനല്‍കാത്ത ഡയറക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടപാടുകാര്‍ മുഖ്യമന്ത്രിയ്ക്കും ജില്ലാ കലക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു. ഡയറക്ടര്‍മാര്‍ നാടുവിടാനുള്ള സാധ്യതയുണ്ടെന്നും ഇടപാടുകാര്‍ ആരോപിച്ചു.