ചില്ലറയെ തുടര്‍ന്ന് തര്‍ക്കം; കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മരിച്ചു

ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസിലെ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന അറുപത്തിയെട്ടുകാരന്‍ മരിച്ചു. ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ ഏപ്രില്‍ രണ്ടിനായിരുന്നു മര്‍ദ്ദനം. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ അറുപത്തിയെട്ടുകാരന്‍ പവിത്രനായിരുന്നു യാത്രക്കാരന്‍. പതിമൂന്നു രൂപയാണ് ബസ് നിരക്ക് നല്‍കേണ്ടിയിരുന്നത്. മൂന്നു രൂപ ചില്ലറയായി പവിത്രന്റെ പക്കലുണ്ടായിരുന്നില്ല. ഇതേചൊല്ലി, കണ്ടക്ടര്‍ രതീഷുമായി വാക്കേറ്റമുണ്ടായി. യാത്രയ്ക്കിടെ ബസ് നിര്‍ത്തിച്ച് പവിത്രനെ തള്ളി പുറത്താക്കി. നിലത്തുവീണ പവിത്രനെ തലയില്‍ മര്‍ദ്ദിച്ചു. തല കല്ലിലിടിച്ചായിരുന്നു മര്‍ദ്ദനം. ഉടനെ അബോധാവസ്ഥയിലായി. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാനിന്റെ ഡ്രൈവറായിരുന്നു പവിത്രന്‍. 

ആക്രമണമുണ്ടായ അന്നുതന്നെ ബസ് കണ്ടക്ടര്‍ രതീഷിനെ അറസ്റ്റ് ചെയ്തു. വധശ്രമം ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു. പവിത്രന്‍ മരിച്ചതോടെ കൊലക്കുറ്റം ചുമത്തി. ചില്ലറയില്ലാത്ത യാത്രക്കാരോട് കണ്ടക്ടര്‍മാര്‍ മോശമായി പെരുമാറുന്നുവെന്ന് ഏറെ യാത്രക്കാര്‍ പരാതി പറയാറുണ്ട്.

Passenger dies after being attacked by private bus conductor