ചീരാലില്‍ രാപ്പകല്‍ സമരം; കടുവയെ മെരുക്കാന്‍ മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍

വയനാട് ചീരാലിൽ പശുക്കളെ കൊന്ന കടുവയെ പിടികൂടാൻ മുത്തങ്ങയിൽ നിന്ന് കുങ്കിയാനകൾ എത്തും.  ഇന്നലെ രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മൂന്ന് പശുക്കളെ ആക്രമിച്ചത്. ഒരു  മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒൻപത് പശുക്കൾ. കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി രാപ്പകൽ സമരം തുടങ്ങി.

ചീരാലിൽ കടുവാ ഭീതി ഒഴിയുന്നില്ല. ഇന്നലെ മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. പഴൂരിലെ ഇബ്രാഹിമിന്റെ പശുവിനെ കൊന്ന് പകുതി ഭക്ഷിച്ചു. ഒൻപത് പശുക്കളെയാണ് ചീരാലിൽ ഒരു മാസത്തിനിടെ  കൊന്നത്. കടുവ മനുഷ്യർക്ക് നേരെയും തിരിയുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.

കടുവയ്ക്ക് വേണ്ടി വനം വകുപ്പ് തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ വനംവകുപ്പിന്റെ നടപടി ഫലപ്രദമല്ലെന്ന് പരാതി. അതേസമയം ജനങ്ങൾ സഹകരിക്കണമെന്നും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.  കൃഷ്ണഗിരിയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്ക് വേണ്ടിയും തിരച്ചിൽ തുടങ്ങി. അതിനിടെ ചീരാൽ ജനകീയ സമിതി തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചു.