‘അമ്മ എന്ന് നല്ല വീട് ഉണ്ടാക്കുന്നോ അന്ന് വരാം’; മകൻ വീടു വിട്ടിറങ്ങി; മാരിയമ്മയ്ക്ക് ദുരിത ജീവിതം

‘അമ്മ എന്ന് നല്ല വീട് ഉണ്ടാക്കുന്നോ അന്നു ഞാൻ തിരിച്ചുവരും. ഈ നനഞ്ഞ കിടക്കുന്ന ഷെഡിൽ കഴിയാൻ എനിക്ക് പറ്റില്ല’. പതിനാറു വയസ്സുകാരനായ മകൻ അമ്മയോട് ഇങ്ങനെ പറഞ്ഞിറങ്ങി ബന്ധുക്കളുടെ ഒപ്പം താമസം ആരംഭിച്ചിട്ട് വർഷം ഒന്നായി. ഇതുവരെ മകനെ കാണാനോ സംസാരിക്കാനോ ഈ അമ്മയ്ക്കായിട്ടില്ല. നെടുങ്കണ്ടം പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം.

നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്നു തയാറാക്കി നൽകിയ സ്ഥലത്തെ ഷെഡിലാണ് വിലാസം പോലുമില്ലാതെ 48 വയസ്സുകാരി മാരിയമ്മയും മക്കളായ ആറാം ക്ലാസുകാരൻ വെട്രിമുരുകനും മൂന്നാം ക്ലാസുകാരി വിജയലക്ഷ്മിയും താമസിക്കുന്നത്. വൈദ്യുതിയില്ല, ശുചിമുറിയില്ല, വെള്ളം പോലുമില്ല. പഴയ ആസ്ബസ്റ്റോസ് ഷീറ്റും താർപ്പായയും കയറിൽ കെട്ടി ഒരുക്കിയ ഷെഡ്. 

കാറ്റടിച്ചാൽ ഏതു നിമിഷവും നിലംപൊത്തും. മഴ കനത്താൽ ചോർന്നൊലിക്കും. ഭക്ഷണം പാകം ചെയ്യാനായി ഒരു അടുപ്പ് പോലുമില്ല. ആകെപ്പാടെയുള്ള ഒരു കട്ടിലിലാണ് സാധനങ്ങൾ വച്ചിരിക്കുന്നു. ഒരു വശത്താണ് മാരിയമ്മയും മക്കളും കിടന്നുറങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചുപോയെന്നും ഇതിനുശേഷം കൂലിപ്പണിയെടുത്താണ് മക്കളെ പഠിപ്പിക്കുന്നതെന്നും മാരിയമ്മ പറയുന്നു.

നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളും മാരിയമ്മയുടെ മക്കളെ പഠിപ്പിക്കുന്നുണ്ടെങ്കിലും സുരക്ഷിതമായി ഉറങ്ങാനൊരിടം മാത്രമാണ് മാരിയമ്മയുടെ സ്വപ്നം. രാവിലെ 6.45ന് ഏലത്തോട്ടത്തിൽ ജോലിക്ക് പോകും. വൈകുന്നേരമാണ് തിരികെ എത്തുന്നത്. മഴ കനത്തത്തോടെ ഷെഡിനുള്ളിൽ വരെ ഉറവയാണ്. കഴിഞ്ഞ പ്രളയ കാലത്ത് അപകട മേഖലയിൽ താമസിച്ച മാരിയമ്മയെയും മക്കളെയും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.

വീട് നിർമിക്കാൻ പറ്റാത്ത സ്ഥലത്താണ് ഇവർ ഇപ്പോൾ കഴിയുന്നത്. എന്നാൽ പഞ്ചായത്തിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. മുയലിനെ വളർത്തി ഉപജീവിതം നടത്താൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. വീട് നിർമിച്ചശേഷം 16 വയസ്സുകാരനായ മകനെ തിരികെ കൊണ്ടുവന്നു വിദ്യാഭ്യാസം നൽകണമെന്നത് മാരിയമ്മയുടെ സ്വപ്നമായി തുടരുകയാണ്.