പെട്ടിമുടിയുടെ കണ്ണീരോർമകൾക്ക് രണ്ടാണ്ട്; ഇപ്പോഴും മണ്ണിനടിയിൽ ആ നാല് പേർ..

കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ടു വർഷം. കുത്തിയൊലിച്ചെത്തിയ മലവെള്ളം ഒരു പ്രദേശത്തെ ഒന്നാകെ തുടച്ചുനീക്കിയപ്പോൾ പൊലിഞ്ഞുപോയത് എഴുപത് ജീവനുകൾ. മൃതദേഹം പോലും ഒരുനോക്ക് കാണാൻ കിട്ടാതെ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ അനാഥരായത് ഒട്ടേറെപ്പേരാണ്.

2020 ഓഗസ്റ്റ് 6 രാത്രി പത്തര. ഭക്ഷണം കഴിച്ച്, നാളെകൾ സ്വപ്നം കണ്ട് കിടന്നുറങ്ങിയവർക്ക് മുകളിലേക്കായിരുന്നു ദുരന്തം പൊടുന്നനെ വന്നുവീണത്. 82 പേർ ലയങ്ങളിലുണ്ടായിരുന്നു. അതിൽ 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. മണ്‍കൂമ്പാരങ്ങള്‍ക്കിടയില്‍ ജീവന്റ തുടിപ്പ് തേടി പത്തൊന്‍പത് ദിവസം നീണ്ട തിരച്ചില്‍. അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചുറങ്ങുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മനസ് മരവിക്കുന്ന കാഴ്ചകളായിരുന്നു. കാണാതായ 70 പേരിൽ 66 പേരുടെ മൃതദേഹങ്ങൾ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. അറുപത്തിയാറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേര്‍ ഇപ്പോഴും മണ്ണിനടിയില്‍. അവരെയും മരിച്ചതായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. 

സംസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു ആ ദിവസങ്ങളിൽ പെട്ടിമുടിയിൽ നടന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ രാജമല ഡിവിഷനിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പെട്ടിമുടിയുടെ കണ്ണീരോര്‍മകൾക്ക് രണ്ടാണ്ട് തികയുമ്പോള്‍ ഉറച്ചുപെയ്യുന്ന ഒരു മഴപോലും ഇവര്‍ക്കിപ്പോള്‍ പേടിയാണ്.