സിഐയുടെ ശരീരത്തില്‍ മലിനജലം ഒഴിച്ചു; ആവിക്കലിൽ വൻ പ്രതിഷേധം

കോഴിക്കോട് ആവിക്കലില്‍ നിര്‍മിക്കുന്ന മലിനജല സംസ്കാരണ പ്ലാന്റിനെതിരായ നാട്ടുകാരുടെ പ്രതിഷേധം തെരുവിലേക്ക്. കണ്ണൂര്‍  ദേശീയപാത ഉപരോധിച്ച സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അതിരാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ, പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

പുലര്‍ച്ചെ അഞ്ചര.ഉദ്യോഗസ്ഥരും തൊഴിലാളികളും യന്ത്രങ്ങളുമായി സ്ഥലത്തെത്തി. നിലം നിരപ്പാക്കലും മണ്ണുപരിശോധനയും തുടങ്ങി. നാട്ടുകാര്‍ സംഘടിച്ചെത്തുമ്പോഴേക്കും  ആരെയും നേരിടാന്‍ സന്നദ്ധരായി മൂന്നൂറോളം പൊലീസ്. പ്രതിരോധത്തിലായ നാട്ടുകാര്‍ പ്രതിഷേധത്തിന്റ രീതി മാറ്റി. പങ്കായവുമായി നേരെ  കണ്ണൂര്‍ ദേശീയപാതയിലേക്ക് 

കനത്തമഴയില്‍ സ്ത്രീകളടക്കമുള്ളവര്‍ നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് റോഡ‍് ഉപരോധിച്ചു  എങ്ങും ഗതാഗതക്കുരുക്ക്, സ്കൂളിലും ഒാഫീസിലും പോകാനിറങ്ങിയവര്‍ കുടുങ്ങി. ഇതോടെ പൊലീസും രീതി മാറ്റി.  അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. ചിലര്‍ കുഴഞ്ഞുവീണു സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇതിനിടെ പ്ലാന്റ് നിര്‍മാണസ്ഥലത്ത് മെഡിക്കല്‍ കോളജ് സി.െഎയുടെ ശരീരത്തില്‍ ഒരാള്‍ മലിനജലം ഒഴിച്ചു. ചര്‍ച്ചയ്ക്കില്ലെന്നും സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്നും മേയര്‍ മനോരമ ന്യൂസിനോട് നടത്തിയ പരാമര്‍ശമാണ് നാട്ടുകാരെ  പ്രകോപിപ്പിച്ചത്. വരുംദിവസങ്ങളിലും സമരം കൂടുതല്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.